ഇസ്ലാമാബാദ്‌: ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർ പന്തിൽ കൃതിമത്വം കാണിച്ചതായി ആരോപണവുമായി മുൻ പാക് പേസർ ഷബ്ബീർ അഹമ്മദ്. മുഹമ്മദ്‌ സിറാജ്‌, പ്രസിദ്‌ കൃഷ്ണ എന്നിവർ ബോളിൽ കൃതിമത്വം കാണിച്ചതായാണ് ഷബ്ബീറിന്റെ ആരോപണം. മത്സരത്തിലെ നാല്‌, അഞ്ച്‌ ദിവസങ്ങളിൽ ഉപയോഗിച്ച പന്തുകൾ അമ്പയർമാർ പരിശോധനയ്‌ക്കയക്കണമെന്നും ഷബ്ബീർ പറഞ്ഞു. ബോളിന്റെ ഷൈൻ നിലനിർത്തുന്നതിന്‌ വേണ്ടി ഇന്ത്യൻ ബൗളർമാർ വാസലിൻ ഉപയോഗിച്ചെന്നാണ്‌ മുൻ പാക്‌ താരത്തിന്റെ ആരോപണം.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന്‌ പിന്നാലെയാണ് ഷബ്ബീർ അഹമ്മദ്‌ ആരോപണവുമായി രംഗത്തെത്തിയത്‌. 'ഇന്ത്യ പന്തിൽ വാസ്‌ലിന്‍ ഉപയോഗിച്ചതായി ഞാന്‍ കരുതുന്നു. 80 ഓവറുകള്‍ക്ക് ശേഷവും പന്ത് പുതിയത് പോലെ തിളങ്ങുന്നു. പരിശോധന നടത്തുന്നതിനായി ഈ പന്ത് അമ്പയര്‍ ലാബിലേക്ക് അയയ്ക്കണം,' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷബ്ബീര്‍ പറഞ്ഞു.

മുഹമ്മദ്‌ സിറാജിന്റെയും പ്രസിദ്‌ കൃഷ്ണയുടെയും ബൗളിംഗ് പ്രകടനമാണ് അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മിന്നുംജയം സമ്മാനിച്ചത്. ഇംഗ്ലണ്ടിന്‌ ജയിക്കാൻ ആറ്‌ റൺ വേണ്ടിയിരുന്നപ്പോൾ അവസാന വിക്കറ്റ്‌ നേടി സിറാജ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിക്കുകയായിരുന്നു. സിറാജാണ് ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. പരമ്പരയ്ക്ക് ശേഷം സിറാജ് ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ 12 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയത്.

ഇതിന്‌ മുൻപും ഷബ്ബീർ അഹമ്മദ്‌ ഇന്ത്യൻ ബൗളർമാർക്കെതിരെ സമാന രീതിയിലുള്ള ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. 2023 ഏകദിന ലോകകപ്പിലെ ഇന്ത്യൻ ഫാസ്റ്റ്‌ ബോളിങ്‌ ത്രയമായ മുഹമ്മദ്‌ ഷമി, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ സിറാജ്‌ എന്നിവർക്കെതിരെ താരം ആരോപണമുന്നയിച്ചിട്ടുണ്ട്‌. 2024ലെ ട്വന്റി–20 ലോകകപ്പ്‌ വേളയിൽമുൻ പാക്‌ ക്യാപ്‌റ്റൻ ഇൻസമാം ഉൾ ഹഖ്‌ അർഷ്‌ദീപ്‌ സിങ്ങിനെതിരെ ആരോപണമുന്നയിച്ചിരുന്നു.