- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഭീറിന്റേത് 'രാഷ്ട്രീയക്കളി'; ഇന്ത്യൻ ടീമിന്റെ പ്രതിച്ഛായ മങ്ങുന്നു; കുൽദീപിനെ പുറത്തിരുത്തിയത് അച്ചടക്ക നടപടിയോ?; ഇന്ത്യൻ പരിശീലകനെതിരെ ആഞ്ഞടിച്ച് പാക് മുൻ താരം അഹമ്മദ് ഷെഹ്സാദ്

ഇസ്ലാമാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. രാഷ്ട്രീയത്തിലെ പരാജയത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഗംഭീർ, അനാവശ്യമായ 'രാഷ്ട്രീയം' ടീമിനുള്ളിലേക്ക് കടത്തുകയാണെന്ന് ഷെഹ്സാദ് കുറ്റപ്പെടുത്തി. തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റ സാഹചര്യത്തിലാണ് ഷെഹ്സാദിന്റെ പ്രതികരണം.
നിർണ്ണായക മത്സരത്തിൽ മികച്ച ഫോമിലുള്ള അക്സർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയ നീക്കത്തെ ഷെഹ്സാദ് പരിഹസിച്ചു. നേരത്തെ ആർ. അശ്വിൻ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. "ഗംഭീർ രാഷ്ട്രീയത്തിൽ വലിയ വിജയമായിരുന്നില്ല. എന്നാൽ ആ രാഷ്ട്രീയ സ്വാധീനം അദ്ദേഹം ടീം പരിസരത്തേക്ക് കൊണ്ടുവരികയാണ്. ഇത് ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു," ഷെഹ്സാദ് ഒരു ടിവി പരിപാടിയിൽ പറഞ്ഞു.
ടീമിലെ വിഭവങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ഗംഭീറിന് സാധിക്കുന്നില്ലെന്ന് ഷെഹ്സാദ് ചൂണ്ടിക്കാട്ടി. കുൽദീപ് യാദവിനെപ്പോലൊരു മാച്ച് വിന്നറെ ടീമിലുണ്ടായിട്ടും വേണ്ടവിധം പരിഗണിക്കുന്നില്ല. പാകിസ്ഥാനെതിരായ വിജയത്തിന് ശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി കുൽദീപിന് തർക്കമുണ്ടായെന്ന അഭ്യൂഹങ്ങൾ ഷെഹ്സാദ് വീണ്ടും ചർച്ചയാക്കി.
"പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷം സൂര്യകുമാർ കുൽദീപിനെ തള്ളുന്ന ഒരു ദൃശ്യം പുറത്തുവന്നിരുന്നു. അച്ചടക്ക ലംഘനത്തിന്റെ പേരിലോ സൂര്യകുമാറുമായുള്ള ഉടക്കിന്റെ പേരിലോ ആണോ കുൽദീപ് പുറത്തിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ ഒരു മാച്ച് വിന്നറെ ആരെങ്കിലും പുറത്തിരുത്തുമോ?" ഷെഹ്സാദ് ചോദിച്ചു. ഇരുവരും പ്രശ്നങ്ങളില്ലെന്ന് സോഷ്യൽ മീഡിയ വഴി അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന് പിന്നിൽ മറ്റൊരു കഥയുണ്ടെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിചേർത്തു.
ഉഭയകക്ഷി പരമ്പരകളിൽ മികച്ച റെക്കോർഡുണ്ടെങ്കിലും ലോകകപ്പിലെ തോൽവി ഗംഭീറിനും സൂര്യകുമാറിനും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. വ്യാഴാഴ്ച സിംബാബ്‌വെക്കെതിരെ നടക്കുന്ന അടുത്ത സൂപ്പർ 8 മത്സരത്തിൽ ജയം അനിവാര്യമായ ഇന്ത്യക്ക്, ടീമിനുള്ളിലെ ഈ തർക്കങ്ങളും വിമർശനങ്ങളും വലിയ വെല്ലുവിളിയാകും.


