ലാഹോർ: ടി20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്ക് അടിപതറുമെന്ന് പാക്കിസ്ഥാൻ മുൻ പേസർ മുഹമ്മദ് ആമിർ. വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനാണ് വിജയസാധ്യതയെന്ന് ആമിർ പ്രവചിച്ചു. ഇന്ത്യൻ ടീം ഒരു 'യൂണിറ്റ്' എന്ന നിലയിൽ പരാജയമാണെന്നും വ്യക്തിഗത മികവിലാണ് ടീം മുന്നോട്ടുപോകുന്നതെന്നും ആമിർ പരിഹസിച്ചു.

ടീമിലെ ഭൂരിഭാഗം ബാറ്റർമാരും ഫോമിലല്ലെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ആമിർ ചൂണ്ടിക്കാട്ടി. "ഒന്നോ രണ്ടോ താരങ്ങളെ മാത്രം വിശ്വസിച്ച് സെമി പോലൊരു വലിയ മത്സരം ജയിക്കാനാകില്ല. ഓപ്പണർ അഭിഷേക് ശർമയും തിലക് വർമയും ഫോം കണ്ടെത്തിയിട്ടില്ല. നായകൻ സൂര്യകുമാർ യാദവാകട്ടെ ഗ്രൂപ്പ് ഘട്ടത്തിന് ശേഷം നിശബ്ദനാണ്. ഇഷാൻ കിഷൻ പാക്കിസ്ഥാനെതിരെ മാത്രമാണ് തിളങ്ങിയത്. സഞ്ജു സാംസണും ബുംറയും മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ല"- ഒരു ടോക് ഷോയിൽ ആമിർ വിശകലനം ചെയ്തു.

റണ്ണൊഴുക്കുള്ള മുംബൈയിലെ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്കായിരിക്കും മുൻതൂക്കമെന്ന് ആമിർ നിരീക്ഷിക്കുന്നു. ഇംഗ്ലണ്ട് റൺസ് പിന്തുടരുകയാണെങ്കിൽ ഇന്ത്യക്ക് കാര്യങ്ങൾ കടുപ്പമാകുമെന്നാണ് മുൻ പാക് താരത്തിന്റെ പക്ഷം. നേരത്തെ സൂപ്പർ എയ്റ്റിൽ വെസ്റ്റിൻഡീസ് ഇന്ത്യയെ തോൽപ്പിക്കുമെന്ന് ആമിർ പ്രവചിച്ചെങ്കിലും അത് പാളിപ്പോയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ഏഴിനാണ് ആവേശകരമായ സെമി പോരാട്ടം. ഇതിൽ വിജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ നേരിടും.