ചെന്നൈ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ മോശം പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണിന് സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് മുൻ ഇന്ത്യൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. തകർപ്പൻ ഫോമിലുള്ള ഇഷാൻ കിഷനെ ഇനി ടീമിൽ നിന്ന് മാറ്റാൻ കഴിയില്ലെന്നും, സഞ്ജുവിനേക്കാൾ അപകടകാരിയായ താരമാണ് ഇഷാനെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞു.

ഗുവാഹത്തിയിൽ നടന്ന മൂന്നാം ടി20യിൽ സഞ്ജു ഗോൾഡൻ ഡക്കായി പുറത്തായപ്പോൾ, ഇഷാൻ കിഷൻ പരമ്പരയിലെ ആദ്യ മത്സരത്തിൽ എട്ട് റൺസെടുത്ത് നിരാശപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നായി 76 റൺസ് (32 പന്തിൽ), 28 റൺസ് (13 പന്തിൽ) എന്നിങ്ങനെ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ചിരുന്നു. ഇഷാനെ ഇനി ടീമിൽ നിന്ന് മാറ്റാൻ ഒരു സാധ്യതയുമില്ലെന്ന് ശ്രീകാന്ത് അടിവരയിട്ടു. "സഞ്ജു സാംസണേക്കാൾ അപകടകാരിയായ താരമാണ് ഇഷാൻ. സഞ്ജുവിന്റെ കാര്യത്തിൽ എനിക്ക് വിഷമമുണ്ട്. അവൻ റൺസിനായി ശ്രമിക്കുന്നുണ്ട്. അൽപം കൂടി വിവേകത്തോടെ കളിച്ചിരുന്നെങ്കിൽ കഴിഞ്ഞ മത്സരത്തിൽ അവന് സ്കോർ ചെയ്യാമായിരുന്നു," ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

സഞ്ജുവിന്റെ പ്രധാന പ്രശ്നം സ്ഥിരതയില്ലായ്മയാണെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഒരു സെഞ്ച്വറി നേടുകയാണെങ്കിൽ പോലും അതിനുശേഷം വലിയ സ്കോറുകൾ കണ്ടെത്താൻ സഞ്ജുവിന് കഴിയുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി സഞ്ജുവിന്റെ പ്രകടനത്തിന്റെ ഗ്രാഫ് ഉയർന്നും താഴ്ന്നുമാണ് നിൽക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയിട്ട് ഇപ്പോൾ ഒന്നര വർഷമായെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പരിക്കേറ്റ തിലക് വർമ്മ തിരിച്ചുവരികയാണെങ്കിൽ സഞ്ജുവിനോ ഇഷാനോ ടീമിൽ നിന്ന് മാറേണ്ടിവരും. നിലവിലെ സാഹചര്യം വെച്ച് സഞ്ജു തന്നെ പുറത്തുപോകേണ്ടി വരുമെന്നും ശ്രീകാന്ത് പ്രവചിച്ചു.

"സഞ്ജു ചിലപ്പോൾ നിർഭാഗ്യവാനായിരിക്കാം. പക്ഷേ കടുത്ത മത്സരമാണ് നടക്കുന്നത്. തിലക് വർമ്മ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ഇഷാൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയാണ്, ഒപ്പം അവൻ മികച്ച ഫോമിലുമാണ്," ശ്രീകാന്ത് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഏഷ്യാ കപ്പ് വരെ ടീമിലെ പ്രധാന ഓപ്പണറായിരുന്നു സഞ്ജു. എന്നാൽ ഏഷ്യാ കപ്പ് മുതൽ ശുഭ്‌മാൻ ഗില്ലിനായി സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയെങ്കിലും അവിടെയും വലിയ സ്കോറുകൾ കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.