ഇസ്ലാമാബാദ്: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ നിർണായക മത്സരത്തിന് മുന്നോടിയായി പാക് നായകൻ ബാബർ അസമിനെ ട്രോളി മുൻ സഹതാരങ്ങൾ. ഇന്ത്യക്കെതിരെ ബാബർ 150 സ്ട്രൈക്ക് റേറ്റിൽ 50-ൽ അധികം റൺസ് നേടിയാൽ താൻ വിരമിക്കൽ പിൻവലിച്ച് ടീമിലേക്ക് മടങ്ങിയെത്താൻ തയ്യാറാണെന്ന് മുൻ പേസർ മുഹമ്മദ് ആമിർ പ്രഖ്യാപിച്ചു. ബാബറിന്റെ മോശം സ്ട്രൈക്ക് റേറ്റിനെ പരിഹസിച്ചുകൊണ്ടായിരുന്നു ആമിറിന്റെ ഈ വെല്ലുവിളി.

ഒരു പാക് ടെലിവിഷൻ ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ബാബർ അസം ഇന്ത്യക്കെതിരായ മത്സരത്തില്‍ പാകിസ്ഥാനെ വിജയിപ്പിച്ചാല്‍ താൻ എല്ലാവർക്കും ഭക്ഷണം വാങ്ങി നൽകുമെന്നായിരുന്നു മറ്റൊരു മുൻതാരം അഹമ്മദ് ഷെഹ്‌സാദിന്റെ വാഗ്ദാനം. ടീമിനെ ബാബർ വിജയിപ്പിച്ചാൽ സ്റ്റുഡിയോയിലുള്ളവർക്കും കാണികൾക്കും സപ്പോർട്ട് സ്റ്റാഫിനും ഉൾപ്പെടെ മുഴുവൻ ടീമിനും ഭക്ഷണം നൽകുമെന്ന് ഷെഹ്‌സാദ് പ്രഖ്യാപിച്ചു. സമീപകാലത്തെ ബാബറിന്റെ മെല്ലെപ്പോക്ക് ബാറ്റിങ് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ 18 പന്തിൽ 15 റൺസെടുത്ത ബാബർ, അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ 32 പന്തിൽ 46 റൺസെടുത്തെങ്കിലും താരത്തിന്റെ സ്ട്രൈക്ക് റേറ്റ് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്ഥാൻ ക്രിക്കറ്റിലെ മുൻ താരങ്ങൾ തന്നെ ബാബറിനെതിരെ പരസ്യമായി രംഗത്തെത്തിയത്. മുൻ വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫും ബാബറിനെ പരിഹസിച്ച് ചർച്ചയിൽ പങ്കുചേർന്നു. അത്രയും നേരമൊന്നും ബാബർ ക്രീസിൽ നിൽക്കില്ലെന്നായിരുന്നു ലത്തീഫിന്റെ പ്രതികരണം.