മുംബൈ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ഡൽഹി താരം ആയുഷ് ബദോനിയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ വ്യാപക വിമർശനം. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിൻ്റെ ഇഷ്ടക്കാരനായതുകൊണ്ടാണ് ബദോനിക്ക് ടീമിൽ ഇടം ലഭിച്ചതെന്നും, മികച്ച പ്രകടനം നടത്തിയ റുതുരാജ് ഗെയ്‌ക്‌വാദ് അടക്കമുള്ളവരെ തഴഞ്ഞെന്നും ആരാധകരും മുൻ താരങ്ങളും ആരോപിക്കുന്നു.

ആഭ്യന്തര ക്രിക്കറ്റിലോ ഇന്ത്യൻ പ്രീമിയർ ലീഗിലോ (ഐപിഎൽ) ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും നടത്താത്ത താരമാണ് ബദോനിയെന്നാണ് വിമർശകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സ് മെൻ്ററായി ഗംഭീർ പ്രവർത്തിച്ചിരുന്ന കാലത്താണ് ബദോനി ലക്നൗവിനായി കളിച്ചത്. അന്ന് മുതൽ ബദോനി ഗംഭീറിൻ്റെ പ്രിയപ്പെട്ടവനായിരുന്നെന്നും ആ ബന്ധമാണ് ടീം സെലക്ഷനിലേക്ക് നയിച്ചതെന്നുമാണ് ആക്ഷേപം.

ലിസ്റ്റ് എ ക്രിക്കറ്റിൽ ഇതുവരെ കളിച്ച 27 മത്സരങ്ങളിൽ നിന്ന് 36.47 ശരാശരിയിൽ 693 റൺസ് മാത്രമാണ് ബദോനി നേടിയിട്ടുള്ളത്. ഇതിൽ ഒരു സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറികളും 22 വിക്കറ്റുകളും ഉൾപ്പെടുന്നു. വാഷിംഗ്ടൺ സുന്ദറിന് പകരം പരിഗണിക്കാവുന്ന ഓൾ റൗണ്ടർ എന്ന നിലയിലാണ് ബദോനിയെ ടീമിലെടുത്തതെന്ന വാദമുണ്ടെങ്കിലും, സുന്ദർ ഒരു ബൗളിംഗ് ഓൾ റൗണ്ടറും ബദോനി ബാറ്റിംഗ് ഓൾ റൗണ്ടറും ഒരു പാർട്ട് ടൈം സ്പിന്നർ മാത്രമാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യലിസ്റ്റ് സ്പിന്നറായി ബദോനിയെ പരിഗണിക്കാനാവില്ലെന്നും അവർ പറയുന്നു.

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച റുതുരാജ് ഗെയ്‌ക്‌വാദിനെ നേരത്തെ റിഷഭ് പന്തിന് വേണ്ടിയും ഇപ്പോൾ ബദോനിക്ക് വേണ്ടിയും തഴഞ്ഞത് പക്ഷപാതമാണെന്ന് ആരാധകർ വിമർശിക്കുന്നു. വിജ് ഹസാരെ ട്രോഫിയിൽ റൺസുകൾ വാരിക്കൂട്ടിയ ദേവ്ദത്ത് പടിക്കലിനെയും, ഗെയ്‌ക്‌വാദിനെയും സെലക്ടർമാർ പരിഗണിച്ചില്ല. റിഷഭ് പന്തും ആയുഷ് ബദോനിയും ഗംഭീറിൻ്റെ ഡൽഹിയിൽ നിന്നുള്ള താരങ്ങളാണെന്നതും ഈ ആരോപണങ്ങൾക്ക് ബലം നൽകുന്നു.

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് റൺസ് ശരാശരിയിൽ 16 റൺസ് മാത്രമാണ് ബദോനി നേടിയത്. കഴിഞ്ഞ ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 148.19 സ്ട്രൈക്ക് റേറ്റിൽ 329 റൺസും രണ്ട് വിക്കറ്റും ബദോനി സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ റിഷഭ് പന്തിന് കീഴിൽ ഡൽഹി ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരുന്നു താരം.