ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ യുവതാരങ്ങളെ കേന്ദ്രീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകനെ കൊണ്ടുവരാനും ലോകകപ്പിന് മുന്നോടിയായി സ്‌പെഷ്യലിസ്റ്റ് താരങ്ങള്‍ക്ക് അവസരം നല്‍കി ട്വന്റി 20 ടീമിനെ അടിമുടി പൊളിച്ചെഴുതാനും പരിശീലകന്‍ തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇംഗ്ലണ്ടിനെതിരായ പര്യടനത്തിന് പിന്നാലെ ലോകകപ്പ് ലക്ഷ്യമിട്ട് ട്വന്റി 20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് മാനേജ്മെന്റ്. കാലത്തിനൊത്ത് ടീം മാറ്റത്തിന് തയ്യാറാവുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശക്തമായതിനു പിന്നാലെയാണ് പരിശീലകന്റെ നീക്കമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്ലാ ഫോര്‍മാറ്റിലുമായി ഒരു നായകനെ കൊണ്ടുവരുന്ന രീതി സ്വീകരിക്കാനും ട്വന്റി 20 ടീമില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താനുമാണ് പദ്ധതി. ട്വന്റി 20 സ്പെഷ്യലിസ്റ്റ് ഗണത്തില്‍ കണക്കാക്കാവുന്ന താരങ്ങളെ പ്രത്യേകമായി കണ്ടെത്തി ടിമിലുള്‍പ്പെടുത്തും.

അതിനു പുറമേ ഒരു ഫിനിഷര്‍ റോളില്‍ താരങ്ങളെ ഒതുക്കാതെ കഴിവ് അനുസരിച്ച് വിവിധ റോളുകള്‍ നിശ്ചയിക്കും. ശിവം ദുബൈയെ ഫിനിഷിങ് റോളില്‍ തളച്ചിടാതെ മുന്‍നിര ബാറ്റിങ് ഓര്‍ഡറില്‍ ഇറക്കാനും ആലോചിക്കുന്നുണ്ട്. ഓപ്പണര്‍മാര്‍ മികച്ച തുടക്കം സമ്മാനിച്ചാല്‍ താരത്തെ വേഗം കളത്തിലിറക്കാനും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തമാസം നടക്കുന്ന ഏഷ്യാകപ്പില്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കാനാണ് സാധ്യത. ശുഭ്മാന്‍ ഗില്‍ ടീമിലുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവും അഭിഷേക് ശര്‍മയും ഓപ്പണിങ് റോളുകളില്‍ തന്നെ കളിച്ചേക്കും. എന്നാല്‍ ഗില്ലിനെ ടീമിലെടുത്താല്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.

ലോകകപ്പിന് ഒരുങ്ങാന്‍ യുവ ഇന്ത്യ

അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ വമ്പന്‍ അഴിച്ചുപണിക്കാണ് കോച്ച് ഗൗതം ഗംഭീര്‍ തയാറെടുക്കുന്നത്. ഐപിഎല്ലില്‍ ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായും കോച്ചായും മെന്ററായുമെല്ലാം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായാണ് ഗംഭീര്‍ ട്വന്റി 20 ടീമില്‍ അടിമുടി മാറ്റം കൊണ്ടുവരാനും ടീമിനെ റീബ്രാന്‍ഡ് ചെയ്യാനും ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അതിനുശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ട്വന്റി 20 പരമ്പരയിലുമെല്ലാം ടീമിനെ തെരഞ്ഞെടുക്കുക പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകുമെന്നാണ് കരുതുന്നത്.

ട്വന്റി 20 ടീമിനെ റീബ്രാന്‍ഡ് ചെയ്യുക എന്നത് ഗംഭീര്‍ പരിശീലക ചുമതലയേറ്റെടുത്തതുമുതലുള്ള ലക്ഷ്യങ്ങളിലൊന്നാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാറ്റത്തിന്റെ ഭാഗമായി വൈകാതെ ഇന്ത്യക്ക് മൂന്ന് ഫോര്‍മാറ്റിലും ഒരു നായകനെന്ന നയം ഗംഭീര്‍ നടപ്പാക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പ് കഴിഞ്ഞാല്‍ സൂര്യകുമാര്‍ യാദവിന് പകരം ശുഭ്മാന്‍ ഗില്ലിനെ ട്വന്റി 20 ടീമിന്റെ നായകനായി പ്രഖ്യാപിക്കാനുള്ള സാധ്യതയും മുന്നിലുണ്ട്. നിലവില്‍ രോഹിത് ശര്‍മയാണ് ഏകദിന ടീമിനെ നയിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഇരുവര്‍ക്കും നായകസ്ഥാനം നഷ്ടമാകാനുളള സാധ്യതയേറി.

ഐപിഎല്ലില്‍ തിളങ്ങുന്ന ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകളെ കണ്ടെത്തി അവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നതിലും ശ്രദ്ധിക്കും. അതുപോലെ ഇനി മുതല്‍ ടീമിന് സ്‌പെഷ്യലിസ്റ്റ് ഫിനിഷര്‍മാരുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിവിന് അനുസരിച്ചുള്ള റോളുകളായിരിക്കും ഓരോ താരത്തിനുമുണ്ടാകുകയെന്നും ബാറ്റിംഗ് ഓര്‍ഡറിലെ നമ്പറിന്റെ പേരില്‍ ആര്‍ക്കും ടീമില്‍ തുടരാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ട്വന്റി 20 ലോകകപ്പ് നേടിയശേഷം രോഹിത് ശര്‍മ ട്വന്റി 20യില്‍ നിന്ന് വിരമിച്ചതോടെയാണ് സൂര്യകുമാര്‍ യാദവ് ട്വന്റി 20 നായകനായത്. വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ നായകനാകാത്ത സൂര്യകുമാറിനെ നായകനാക്കിയത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. സൂര്യകുമാറിന് കീഴില്‍ ഇന്ത്യ 22 മത്സരങ്ങളില്‍ 17 മത്സരങ്ങള്‍ ജയിക്കുകയും ചെയ്തു.