- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോല്‍വിക്കു തൊട്ടുപിന്നാലെ കുടുംബത്തെ കാണാന്‍ രോഹിത്തും കോലിയും രാഹുലും മുംബൈയിലേക്ക്; പരിശീലനത്തിനായി നിലപാട് കടുപ്പിച്ച് ഗംഭീര്‍; സീനിയര്‍ താരങ്ങള്‍ക്ക് ഇനി പ്രത്യേക പരിഗണനയില്ല
പരിശീലന സെഷനുകളില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ല
പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റും തോറ്റ് പന്ത്രണ്ട് വര്‍ഷത്തിനുശേഷം നാട്ടില്‍ ടെസ്റ്റ് പരമ്പര കൈവിട്ടതോടെ പരിശീലക സ്ഥാനത്ത് നിലപാട് കടുപ്പിച്ച് ഗൗതം ഗംഭീര്‍. മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് ടീം അംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി അനുവദിച്ച ടീം മാനേജ്‌മെന്റ് രോഹിത്തും കോലിയും അടക്കമുള്ള താരങ്ങളെല്ലാം നിര്‍ബന്ധമായും പരിശീലന സെഷനുകളില്‍ പങ്കെടുക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചു.
ഇനിമുതല്‍ ആര്‍ക്കും പരിശീലനം ഒഴിവാക്കാനാകില്ലെന്നും പരിശീലന സെഷനുകളില്‍ ടീമിലുള്ള എല്ലാ അംഗങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്നും ഗംഭീര്‍ നിഷ്‌കര്‍ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുണെ ടെസ്റ്റിനു പിന്നാലെ രണ്ടു ദിവസം ടീമംഗങ്ങള്‍ക്ക് ഒഴിവു നല്‍കിയ ഗംഭീര്‍, ഒക്ടോബര്‍ 30, 31 ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തിന് എല്ലാ അംഗങ്ങളും എത്തണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.
സീനിയര്‍ താരങ്ങളാണെന്നത് കണക്കിലെടുത്ത് ആര്‍ക്കും ഇതില്‍ നിന്ന് മാറിനില്‍ക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലാണ് മൂന്നാം ടെസ്റ്റ് എന്നതിനാല്‍ രോഹിത്തും കോലിയും കുടുംബത്തോടൊപ്പം തുടര്‍ന്ന് പരിശീലന സെഷനില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് കോച്ച് ഗൗതം ഗംഭീര്‍ തന്നെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത് എന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ ഒന്നിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി, എല്ലാ താരങ്ങളും രണ്ടു ദിവസത്തെ പരിശീലനത്തിനായി എത്തുമെന്നാണ് വിവരം. പരിശീലനം 'ഓപ്ഷണല്‍' ആക്കുന്ന രീതി തല്‍ക്കാലമില്ലെന്നാണ് ഗംഭീറും പരിശീലക സംഘവും താരങ്ങള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
''ഒക്ടോബര്‍ 30, 31 തീയതികളിലായി നടക്കുന്ന രണ്ടു ദിവസത്തെ പരിശീലന സെഷനുകളില്‍ എല്ലാ താരങ്ങളും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ഗംഭീറും സംഘവും കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഈ പരിശീലന സെഷനുകളിലെ പങ്കാളിത്തം നിര്‍ബന്ധമാണെന്നും ആരും ഒഴിവാകരുതെന്നുമാണ് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം' ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഇനിമുതല്‍ ടീമിന്റെ പരിശീലന സെഷനുകളില്‍ സീനിയര്‍, ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാ താരങ്ങളും പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത്തിന്റെയും കോലിയുടെയും മോശം ബാറ്റിംഗിനെക്കുറിച്ച് വിമര്‍ശനം ഉയരുന്നതിനിടെയാണ് ടീം മാനേജ്‌മെന്റ് നിലപാട് കടുപ്പിക്കുന്നത്. ഇന്നലെ രണ്ടാം ടെസ്റ്റിനുശേഷം കോലിയും രോഹിത്തും മുംബൈയിലെ സ്വന്തം വീടുകളിലേക്ക് പോയിരുന്നു.
പൊതുവെ ഒരു പരമ്പരയില്‍ തുടര്‍ച്ചയായി മത്സരങ്ങളുള്ള സാഹചര്യങ്ങളില്‍ മുതിര്‍ന്ന താരങ്ങളും പേസ് ബോളര്‍മാരും പരിശീലന സെഷനുകള്‍ ഒഴിവാക്കാറുണ്ട്. പരുക്കിനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് ഇത്തരമൊരു രീതി അവലംബിക്കുന്നത്. ആ ശൈലി ഇത്തവണ വേണ്ടെന്നും മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കൃത്യമായി പരിശീലന സെഷനുകളില്‍ പങ്കെടുത്തിരിക്കണമെന്നുമാണ് ഗംഭീര്‍ നല്‍കിയിരിക്കുന്ന സന്ദേശം.
ന്യൂസീലന്‍ഡിനെതിരെ തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകള്‍ തോല്‍ക്കുകയും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതയെപ്പോലും ഈ തോല്‍വികള്‍ ബാധിക്കുകയും ചെയ്തതോടെയാണ് ടീം മാനേജ്‌മെന്റ് കര്‍ശന നിലപാടിലേക്ക് മാറിയത്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കു തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീമംഗങ്ങള്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഓസ്‌ട്രേലിയയിലേക്കു പോകും. രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം നവംബര്‍ 10നാണ് ഓസ്‌ട്രേലിയയിലേക്ക് പോകുന്നത്.
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായത്, എല്ലാവര്‍ക്കുമുണ്ടാകുന്നതുപോലെയുള്ള ഒരു മോശം ദിവസമെന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിശദീകരണം ആരാധകര്‍ ഉള്‍ക്കൊണ്ടിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ രോഹിത്തിന്റെ വാക്കുകള്‍ ശരിയാണെന്നും ആരാധകര്‍ വിശ്വസിച്ചു.
എന്നാല്‍ രണ്ടാം ടെസ്റ്റിലും സമാനമായ ബാറ്റിംഗ് തകര്‍ച്ച നേരിടുകയും സ്പിന്നിനെ നേരിടാനുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബലഹീനത പുറത്താവുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമിനെതിരെയും പ്രത്യേകിച്ച് കോലിക്കും രോഹിത്തിനുമെതിരെയും രൂക്ഷ വിമര്‍ശനമാണ് ആരാധകരുടെ ഭാഗത്തുനിന്നുണ്ടായത്. ഇരുവരും ടെസ്റ്റില്‍ നിന്ന് വിരമിച്ച് യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.