- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ഥിരം പൊസിഷനിൽ അല്ലായിരുന്നിട്ടും അവസരം നന്നായി പ്രയോജനപ്പെടുത്തി'; നിർണായക സന്ദർഭങ്ങളിൽ സെഞ്ച്വറി നേടുന്നത് പ്രധാനം; യുവതാരങ്ങളെ പ്രശംസിച്ച് ഗൗതം ഗംഭീർ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ചവെച്ച യുവതാരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദിനെയും യശസ്വി ജയ്‌സ്വാളിനെയും പ്രശംസിച്ച ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, 2027 ലോകകപ്പിലെ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനാവശ്യ ചർച്ചകൾ തള്ളിക്കളഞ്ഞു. പരമ്പര വിജയത്തിന് ശേഷം വിശാഖപട്ടണത്ത് നടന്ന പത്രസമ്മേളനത്തിലാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്.
'ലോകകപ്പിന് ഇനിയുമുണ്ട് രണ്ടു വർഷം. നിലവിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ നിമിഷത്തെക്കുറിച്ച് ചിന്തിക്കുകയാണ്,' മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ടീമിലേക്ക് പുതിയതായി വരുന്ന ചെറുപ്പക്കാർക്ക് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഗംഭീർ ഊന്നിപ്പറഞ്ഞു. റായ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ 83 പന്തിൽ 105 റൺസ് നേടിയ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ പ്രകടനത്തെ ഗംഭീർ പ്രത്യേകമായി പ്രശംസിച്ചു. 'സാധാരണ കളിക്കുന്ന സ്ഥാനത്തായിരുന്നില്ല ഋതുരാജ് ബാറ്റ് ചെയ്തത്.
ഗെയ്‌ക്‌വാദ് മികച്ച കളിക്കാരനാണെന്ന് നമുക്കെല്ലാം അറിയാം. ഇന്ത്യ 'എ' ടീമിൽ നല്ല ഫോമിലായിരുന്നതിനാൽ ഈ പരമ്പരയിൽ ഒരു അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു, സത്യം പറഞ്ഞാൽ ഗെയ്‌ക്‌വാദ് അത് നന്നായി ഉപയോഗിച്ചു. രണ്ടാം മത്സരത്തിൽ 40 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായിരുന്ന സമയത്താണ് ഋതുരാജ് സെഞ്ച്വറി നേടിയത്. കളിയിലെ അത്തരം നിർണായക സന്ദർഭങ്ങളിൽ സെഞ്ച്വറി നേടുന്നത് വളരെ പ്രധാനമാണ്,' ഗംഭീർ വിശദമാക്കി.
യശസ്വി ജയ്‌സ്വാളിന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. 'ടെസ്റ്റ് ക്രിക്കറ്റിൽ ജയ്‌സ്വാളിന്റെ നിലവാരം എത്രത്തോളമുണ്ടെന്ന് നമ്മൾ കണ്ടിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ ഇത് താരത്തിന്റെ കരിയറിന്റെ തുടക്കം മാത്രമാണ്, മുന്നിൽ വലിയൊരു ഭാവിയുണ്ടെന്ന് പ്രതീക്ഷിക്കാം,' ഗംഭീർ കൂട്ടിച്ചേർത്തു. ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യർക്കും പരിക്കേറ്റതിനെ തുടർന്നാണ് ഈ യുവതാരങ്ങൾക്ക് അവസരം ലഭിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ രോഹിത് ശർമ്മയും (73 പന്തിൽ 75), വിരാട് കോഹ്‌ലിയും (പുറത്താകാതെ 45 പന്തിൽ 65) യശസ്വി ജയ്‌സ്വാളിനൊപ്പം മികച്ച പിന്തുണ നൽകി. യശസ്വിയും രോഹിതും ചേർന്ന് ഒന്നാം വിക്കറ്റിൽ 25.5 ഓവറിൽ 155 പന്തിൽ 155 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു.




