- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്ര കിട്ടിയിട്ടും പാഠം പഠിക്കുന്നില്ല; ബൗളർമാർ അവന്റെ ശരീരത്തിനോട് ചേർത്താണ് പന്ത് എറിയുന്നത്; ഇതിനെല്ലാം കൃത്യമായ പ്ലാനിങ്ങ് ഉണ്ട്; ഔട്ട് ആകുന്നത് തന്നെ എപ്പോഴും ഒരേ രീതിയിൽ!! ടി20 ലോകകപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അഭിഷേക് ശർമയെ കണക്കിന് വിമർശിച്ച് ഗവാസ്കര്; താരം ഇന്നെങ്കിലും 'ഫോം' ആകുമോ?

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ന്യൂസിലൻഡിനെതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾ വരുത്തണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കർ. തുടർച്ചയായ പരാജയങ്ങളാൽ ടീമിന് ബാധ്യതയാകുന്ന ഓപ്പണർ അഭിഷേക് ശർമ്മയെ ഫൈനലിൽ പുറത്തിരുത്തണമെന്നാണ് ഗവാസ്കറുടെ പ്രധാന നിർദേശം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യ ടുഡേയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിഷേക് ശർമ്മ തന്റെ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊള്ളുന്നില്ലെന്ന് ഗവാസ്കർ രൂക്ഷമായി വിമർശിച്ചു. ശരീരത്തോട് ചേർന്നെറിയുന്ന പന്തുകളിൽ ഒരേ രീതിയിൽ തന്നെ വീണ്ടും വീണ്ടും പുറത്താകുന്നത് ആശങ്കാജനകമാണ്. ലോക ഒന്നാം നമ്പർ ടി20 ബാറ്റ്‌സ്മാൻ എന്ന വിശേഷണം ഉണ്ടെങ്കിലും ഈ ടൂർണമെന്റിൽ ഇതുവരെ വെറും 12.71 ശരാശരിയിൽ 89 റൺസ് മാത്രമാണ് അഭിഷേകിന് നേടാനായത്. ഇതിൽ മൂന്ന് തവണ താരം പൂജ്യത്തിന് പുറത്തായതും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതായി ഗവാസ്കർ ചൂണ്ടിക്കാട്ടി. ഒരു വലിയ മത്സരത്തിൽ ഇത് ടീമിന് കടുത്ത വെല്ലുവിളിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അഭിഷേക് ശർമ്മയ്ക്ക് പകരം ഇഷാൻ കിഷൻ സഞ്ജു സാംസണിനൊപ്പം ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നാണ് ഗവാസ്കറുടെ നിർദേശം. ഇത് ടീമിന് കൂടുതൽ മികച്ച തുടക്കം നൽകാൻ സഹായിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ഇന്ത്യൻ മധ്യനിര കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഗവാസ്കർ എടുത്തുപറഞ്ഞു. റിങ്കു സിംഗിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിങ്കുവിന് നല്ല ആത്മവിശ്വാസമുണ്ട്. നിർണായക മത്സരങ്ങളിൽ കാര്യങ്ങൾ അനുകൂലമായി വരുത്താൻ റിങ്കുവിന് സാധിക്കുമെന്നും മധ്യനിരയിൽ സ്ഥിരത കൊണ്ടുവരാൻ അവന്റെ സാന്നിധ്യം അനിവാര്യമാണെന്നും ഗവാസ്കർ കൂട്ടിച്ചേർത്തു.
ബൗളിംഗ് നിരയിലും മാറ്റങ്ങൾ അത്യാവശ്യമാണെന്ന് ഗവാസ്കർ അഭിപ്രായപ്പെട്ടു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 60-ലധികം റൺസ് വഴങ്ങിയ വരുൺ ചക്രവർത്തിയെ ടീമിൽ നിന്ന് ഒഴിവാക്കി പകരം കുൽദീപ് യാദവിനെ കളിപ്പിക്കണം. സൂപ്പർ 8 ഘട്ടം മുതൽ വരുൺ ചക്രവർത്തിയുടെ ആത്മവിശ്വാസം തകർന്നിരിക്കുകയാണ്. ഫൈനൽ പോലുള്ള ഒരു വലിയ വേദിയിൽ ഈ ആത്മവിശ്വാസക്കുറവ് ദോഷകരമായി ബാധിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് വലിയ ബൗണ്ടറികളാണുള്ളത്. ഫ്ലാറ്റ് പിച്ചുകളിൽ പോലും പന്ത് തിരിക്കാൻ ശേഷിയുള്ള കുൽദീപ് യാദവ് അവിടെ കൂടുതൽ ഫലപ്രദമായ ഓപ്ഷനായിരിക്കും. വരുണിന്റെ നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ, പരിചയസമ്പന്നനായ കുൽദീപിനെപ്പോലൊരു ബൗളറെ ടീമിൽ ഉൾപ്പെടുത്തുന്നത് ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും ഗവാസ്കർ വിലയിരുത്തി.
ലോകകപ്പ് കിരീടം ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ഇന്ത്യൻ ടീം മാനേജ്മെന്റ് ഈ നിർദേശങ്ങൾ എത്രത്തോളം പരിഗണിക്കുമെന്നും, കിരീടം നേടാൻ ഇന്ത്യ ഏത് തന്ത്രമാണ് സ്വീകരിക്കാൻ പോകുന്നതെന്നും ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.


