അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിരയ്‌ക്കെതിരെ ആഞ്ഞടിച്ച് മുൻ നായകൻ സുനിൽ ഗാവസ്‌കർ. ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസവും ക്രീസിലെ വിവേകമില്ലാത്ത സമീപനവുമാണ് തോൽവിക്ക് കാരണമായതെന്ന് ഗാവസ്‌കർ തുറന്നടിച്ചു.

തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന ഓപ്പണർ അഭിഷേക് ശർമ്മയുടെ ബാറ്റിംഗ് ശൈലിയെ ഗാവസ്‌കർ രൂക്ഷമായി വിമർശിച്ചു. "അഭിഷേകിന്റെ ബാറ്റിംഗിൽ ഇപ്പോൾ ആ പഴയ ഒഴുക്കില്ല. നെറ്റ്‌സിൽ ആദ്യ പന്തിൽ പുറത്തായാലും അടുത്ത പന്ത് നേരിടാമെന്ന ഉറപ്പുണ്ട്, എന്നാൽ മത്സരത്തിൽ സമ്മർദ്ദം നിങ്ങളെ തളച്ചിടാം. വലിയ ഷോട്ടുകൾക്കായി കൈകൾ സ്വതന്ത്രമായി ചലിപ്പിക്കാൻ പോലും കഴിയാതെ അഭിഷേക് അവിടെ സ്റ്റക്കായിപ്പോയി. ദക്ഷിണാഫ്രിക്കൻ ബൗളർമാർ അത് കൃത്യമായി മുതലെടുത്തു," അദ്ദേഹം പറഞ്ഞു.

ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിൽ നിന്ന് ഇന്ത്യ പാഠം പഠിച്ചില്ലെന്ന് ഗാവസ്‌കർ ചൂണ്ടിക്കാട്ടി. "ബ്രെവിസും മില്ലറും എങ്ങനെയാണ് ഇന്നിംഗ്‌സ് കെട്ടിപ്പടുത്തതെന്ന് നോക്കൂ. അതേ സമീപനമായിരുന്നു ഇന്ത്യക്കും വേണ്ടിയിരുന്നത്. എന്നാൽ ഈഗോ മാറ്റി വെച്ച് എതിരാളികളെ നിരീക്ഷിക്കുന്നതിന് പകരം എല്ലാ പന്തിലും ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിയാനാണ് ഇന്ത്യൻ ബാറ്റർമാർ ശ്രമിച്ചത്. ഇങ്ങനെയല്ല ടി20 ക്രിക്കറ്റ് കളിക്കേണ്ടത്," ഗാവസ്‌കർ കടുത്ത ഭാഷയിൽ വിമർശിച്ചു.

സീനിയർ താരങ്ങൾ പരാജയപ്പെട്ടപ്പോൾ തിലക് വർമ്മ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. "തിലക് ബുദ്ധിയുള്ള കളിക്കാരനാണ്, പക്ഷേ ഈ കളിയിൽ അദ്ദേഹം നിരാശപ്പെടുത്തി. ഇഷാൻ കിഷൻ നേരത്തെ പുറത്തായ സാഹചര്യത്തിൽ ക്രീസിൽ നിലയുറപ്പിക്കേണ്ട ഉത്തരവാദിത്തം തിലകിനായിരുന്നു. പവർപ്ലേയിൽ 70 റൺസ് എടുക്കണമെന്നില്ല, വിക്കറ്റ് പോകാതെ 55 റൺസ് എടുത്താൽ പോലും അത് നല്ല അടിത്തറയാകുമായിരുന്നു."

ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേക് ശർമ്മ അവസാന ഒമ്പത് ഇന്നിംഗ്‌സുകളിൽ അഞ്ച് തവണയാണ് പൂജ്യത്തിന് പുറത്തായത്. യുഎസ്എ, പാകിസ്ഥാൻ, നെതർലൻഡ്‌സ് എന്നീ ടീമുകൾക്കെതിരെയും താരം പരാജയപ്പെട്ടിരുന്നു. സഞ്ജു സാംസൺ പുറത്ത് അവസരം കാത്തിരിക്കുമ്പോഴും സൂര്യകുമാർ യാദവും ഗൗതം ഗംഭീറും അഭിഷേകിനെ പിന്തുണയ്ക്കുന്നത് തുടരുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.