ദുബായ്: ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പിന്തുണയുമായി അഫ്ഗാനിസ്ഥാന്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസ്. ചുറ്റും കേള്‍ക്കുന്നതു പോലെയല്ല താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകന്‍ ഗംഭീറാണെന്നും റഹ്‌മാനുള്ള ഗുര്‍ബാസ് പറയുന്നു. ഇന്ത്യയിലെ ഒരു കുറച്ചു പേര്‍ അദ്ദേഹത്തിനെതിരായിരിക്കാം. അതില്‍ വലിയ കാര്യമൊന്നുമില്ലെന്നും ഗുര്‍ബാസ്.

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലകനും ഒരു നല്ല മനുഷ്യനുമാണ് ഗൗതം സാര്‍. അദ്ദേഹത്തിന്റെ സമീപനം ആകര്‍ഷിക്കുന്നതാണ്. ഇന്ത്യയില്‍ ചിലര്‍ അദ്ദേഹത്തിനെതിരായിരിക്കും. അവരെക്കുറിച്ച് പറയുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ ബാക്കിയെല്ലാവരും ഗൗതം സാറിനും ഇന്ത്യന്‍ ടീമിനുമൊപ്പമാണ്.'

'ഗൗതം സാറിന്റെ കീഴിലല്ലേ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫി നേടിയത്. ടി20 ഫോര്‍മാറ്റില്‍ ഏഷ്യാ കപ്പും സ്വന്തമാക്കിയത്. ധാരാളം പരമ്പര നേട്ടങ്ങളും അദ്ദേഹത്തിനുണ്ട്. ഒറ്റ പരമ്പരയിലെ തോല്‍വി കൊണ്ടു മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല.' കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സില്‍ ഗംഭീര്‍ മെന്ററായിരുന്നപ്പോള്‍ ടീമിലെ ഓപ്പണിങ് ബാറ്ററായി കളിച്ച താരമാണ് ഗുര്‍ബാസ്.