- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡഗ് ഔട്ടിലിരുന്ന് എന്തിന് ഇങ്ങനെ അലറുന്നു? കളിക്കാരെയും ക്യാപ്റ്റനെയും സമ്മര്‍ദ്ദത്തിലാക്കുന്നതിന് ന്യായീകരണമല്ല; ആദ്യം വിശ്വസിക്കുകയാണ് വേണ്ടത്'; ജയവര്‍ധനയ്ക്കും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്ഭജന്
ജയവര്‍ധനയ്ക്കും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹര്ഭജന്
അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിംഗ്സിനെതിരെ പരാജയപ്പെട്ട് മുംബൈ ഇന്ത്യന്‍സ് പുറത്തായതിന് പിന്നാലെ മുംബൈ പരിശീലകന് മഹേല ജയവര്‍ധനയ്ക്കും സംഘത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്ഭജന് സിംഗ്. മുംബൈ സമ്മര്ദ്ദത്തിലാവുമ്പോഴൊക്കെ ജയവര്‍ധനെയും പരസ് മാംബ്രെയും അലറി വിളിച്ച് ഇടപെടുന്നത് കാണാമായിരുന്നുവെന്നും ഇത് കളിക്കാരെ കൂടുതല്‍ സമ്മര്ദ്ദത്തിലാക്കുകയെയുള്ളുവെന്നും ഹര്ഭജന് യുട്യൂബ് ചാനലില്‍ പറഞ്ഞു.
ലോകകപ്പ് പോലും നേടിയ താരങ്ങള്‍ ഉള്‍പ്പെടുന്ന മുംബൈ ടീമിനെ പരിശീലകര്‍ വിശ്വസിക്കുന്നില്ലെന്ന് ഹര്ഭജന് തുറന്നടിച്ചു. കളിക്കാര്‍ക്ക് സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ പോലും കഴിയുന്നില്ല. ക്യാപ്റ്റന്‍ എന്താണ് ചെയ്യേണ്ടതെന്നു പോലും പരിശീലകരായ മഹേള ജയവര്‍ധനെയും പരസ് മാംബ്ലെയുമെല്ലാം ഗ്രൗണ്ടിനു പുറത്തുനിന്ന് അലറുകയാണെന്നും ഹര്ഭജന് വിമര്‍ശിച്ചു.
''കളിക്കിടെ മുംബൈ പരിശീലകന് എന്തൊക്കെയാണ് കാണിക്കുന്നത്? ഒരറ്റത്തുനിന്ന് മഹേള ജയവര്‍ധനെ അലറുന്നു, ഇപ്പുറത്തുനിന്ന് പരസ് മാംബ്രെയുടെ ബഹളം. ഹാര്‍ദിക് പാണ്ഡ്യയോട് ആരെക്കൊണ്ടാണ് ബോള്‍ ചെയ്യിക്കേണ്ടതെന്നൊക്കെയാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കുന്നത്.' ഹര്ഭജന് പറഞ്ഞു.
''കളിക്കാരനെന്ന നിലയില്‍ ഒരിക്കലും ഐപിഎല്‍ കിരീടം നേടിയിട്ടില്ലാത്ത വ്യക്തിയാണ് ജയവര്‍ധനെ. ചില മികച്ച ടീമുകള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, അതുകൊണ്ടുമാത്രം സ്വന്തം ടീമിന്റെ ക്യാപ്റ്റനെ ഇങ്ങനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാമോ?' ഹര്ഭജന് ചോദിച്ചു.
''ആദ്യം സ്വന്തം ടീമിലെ കളിക്കാരെ വിശ്വസിക്കാന്‍ പഠിക്കണം. രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും ഹാര്‍ദിക് പാണ്ഡ്യയുമെല്ലാം ലോകകപ്പ് പോലും നേടിയിട്ടുള്ള താരങ്ങളാണ്. ആദ്യം അവരെ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ അനുവദിക്കുകയല്ലേ വേണ്ടത്?' ഹര്ഭജന് ചൂണ്ടിക്കാട്ടി.
ഡഗ് ഔട്ടിലിരുന്ന് ജയവര്‍ധനെ അലറുന്നു, പരസ് മാംബ്രെ അലറുന്നു, ബൗണ്ടറിക്ക് അരികില്‍ നിന്ന് അവര്‍ ഹാര്‍ദ്ദിക്കിന് ഉപദേശങ്ങള്‍ കൊടുക്കുന്നു, ഏത് ബൗളര്‍മാരെ ഉപയോഗിക്കണമെന്ന് പറയുന്നു. ഇങ്ങനെയായിരുന്നില്ല ഒരു കോച്ച് പെരുമാറേണ്ടിയിരുന്നത്.
ഗുജറാത്തിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബൗണ്ടറിക്ക് അരികില്‍ നിന്ന ബുമ്രയെ ജയവര്‍ധനെ ഉപദേശിക്കുകയും ബുമ്ര അത് ശരിയാക്കാം ശാന്തനാവു എന്ന് പറഞ്ഞ് കോച്ച് പറയുന്നത് മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ നടന്നകലുന്നതും ആരാധകര്‍ കണ്ടിരുന്നു. ജയവര്‍ധനെ മാത്രമല്ല, മുംബൈ ബൗളിംഗ് കോച്ച് ലസിത് മലിംഗയും കളിക്കാരോട് നിരന്തരം സംസാരിക്കുന്നതും ഇടപെടുന്നതും ആരാധകര്‍ കണ്ടിരുന്നു.
നേരത്തെ, മഴമൂലം രണ്ടേകാല്‍ മണിക്കൂര്‍ വൈകിത്തുടങ്ങിയ രണ്ടാം ക്വാളിഫയറില്‍ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്സ് മുംബൈയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 19 ഓവറില്‍ ലക്ഷ്യം കണ്ടിരുന്നു. അര്‍ധ സെഞ്ചറി പിന്നിട്ട തകര്‍പ്പന്‍ ബാറ്റിങ്ങുമായി പഞ്ചാബിനെ മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് (41 പന്തില്‍ 87 നോട്ടൗട്ട്) പഞ്ചാബിന്റെ വിജയശില്പി. നാളെ നടക്കുന്ന ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികള്‍.