- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഭിഷേക്, നിരാശപ്പെടരുത്, ഈ കാലവും കടന്നുപോകും'; തുടർച്ചയായി മൂന്ന് 'ഡക്കുകളിൽ' പുറത്തായ ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഹർഭജൻ സിംഗ്; ഫോമിലേക്ക് തിരിച്ചെത്താൻ വഴിയും ഉപദേശിച്ചു 'ഭാജി'

ന്യൂഡൽഹി: ടി20 ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഇന്ത്യൻ താരം അഭിഷേക് ശർമ്മയ്ക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. തുടർച്ചയായ പരാജയങ്ങൾ ഒരു താരത്തിന്റെ മനസ്സിനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് തനിക്ക് അറിയാമെന്നും എന്നാൽ സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് ഇപ്പോൾ വേണ്ടതെന്നും ഹർഭജൻ പറഞ്ഞു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഹർഭജൻ അഭിഷേകിന് ആത്മവിശ്വാസം പകരുന്ന സന്ദേശം നൽകിയത്. "തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്താകുമ്പോൾ ഒരു താരത്തിന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നുപോകും. എനിക്ക് അഭിഷേകിനോട് ഒരു ചെറിയ കാര്യമേ പറയാനുള്ളൂ, നിന്റെ കഴിവിൽ വിശ്വസിക്കുക, ഈ മോശം സമയവും കടന്നുപോകും," ഹർഭജൻ പറഞ്ഞു. അഭിഷേകിന്റെ ബാറ്റിംഗ് ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഹർഭജൻ കൃത്യമായ നിർദ്ദേശങ്ങൾ നൽകി.
"അഭിഷേകിന്റെ ബാറ്റ് സംസാരിക്കുന്ന ദിവസം വരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കുറച്ചു കാലത്തേക്ക് മിഡ് വിക്കറ്റ് ഏരിയയിലൂടെയുള്ള ഷോട്ടുകൾ ഒഴിവാക്കി സ്ട്രൈറ്റ് കളിക്കാൻ ശ്രമിക്കണം." എന്ന് ഹർഭജൻ പറഞ്ഞു. ഒന്നോ രണ്ടോ റൺസ് ഓടിയെടുത്ത് കഴിഞ്ഞാൽ സ്വാഭാവികമായ ഷോട്ടുകൾ കളിക്കാനാകും. അത് ആത്മവിശ്വാസം വർധിപ്പിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വലിയ മത്സരത്തിൽ അഭിഷേക് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അവർ തുടക്കത്തിൽ തന്നെ ഓഫ് സ്പിന്നറെ കൊണ്ടുവന്നേക്കാം, പക്ഷേ അതിൽ കാര്യമില്ല എന്നും ഹർഭജൻ കൂട്ടിച്ചേർത്തു.
പാകിസ്താനെതിരായ മത്സരത്തിലും നെതർലൻഡ്‌സിനെതിരായ മത്സരത്തിലും ഓഫ് സൈഡിൽ പന്ത് കളിക്കാൻ കഴിയാതെ വന്നതോടെയാണ് അഭിഷേക് തന്റെ സ്ഥിരം ശൈലിയായ 'സ്ലോഗ് ഷോട്ടുകൾക്ക്' മുതിർന്നതും വിക്കറ്റ് നഷ്ടപ്പെടുത്തിയതും. നെതർലൻഡ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ ഒരു മണിക്കൂറിലധികം ബാറ്റിംഗ് പരിശീലനം നടത്തിയെങ്കിലും മത്സരത്തിൽ താരത്തിന് തിളങ്ങാനായില്ല. ലോകകപ്പിൽ ഇതുവരെ ഒരു റൺസ് പോലും നേടാൻ അഭിഷേകിന് സാധിച്ചിട്ടില്ല.


