മുംബൈ: ഇപ്പോള്‍ നടക്കാന്‍ പോകുന്ന ഐപിഎലില്‍ ആരാധക പിന്തുണ ആവശ്യപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ട്യ. കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയ്ക്ക് പകരമായി ഹര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ അതില്‍ വന്‍ ആരാധക രോക്ഷമായിരുന്നു ഉയര്‍ന്നു വന്നത്. അന്ന് ആരാധകര്‍ കൂകി വിളിച്ചതിനുള്ള മറുപടി ടി 20 ലോകകപ്പും, ചാമ്പ്യന്‍സ് ട്രോഫിയും നേടി അദ്ദേഹം നല്‍കിയിരുന്നു. ഇത്തവണത്തെ മത്സരങ്ങളില്‍ ആരാധകര്‍ താന്‍ ബാറ്റ് ചെയ്യാന്‍ വരുമ്പോഴും ടോസ് ചെയ്യാന്‍ വരുമ്പോഴും ആരാധകര്‍ ആരവം മുഴക്കണം എന്ന് പറഞ്ഞിരിക്കുകയാണ് ഹാര്‍ദിക് പാണ്ട്യ.

''ഇത്തവണ ബാറ്റ് ചെയ്യാന്‍ പോകുമ്പോഴും പന്തെറിയാന്‍ തയ്യാറെടുക്കുമ്പോഴും ടോസിനായി എത്തുമ്പോഴും എനിക്കായി ആരവം മുഴക്കണം. വാംഖഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ജഴ്‌സിയുടെ നിറമാണ് എനിക്ക് കാണേണ്ടത്. മറ്റൊന്നും അവിടെ കാണേണ്ടതില്ല'. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ യാത്ര ഒരല്‍പ്പം ബുദ്ധിമുട്ടേറിയതായിരുന്നു. എങ്കിലും അത് മികച്ചതായിരുന്നു. ഞാന്‍ എന്നെത്തനെ ടീമില്‍ നിര്‍ണായക സാന്നിധ്യമായാണ് കരുതിയിരിക്കുന്നത്. ടീമിനായി ഞാന്‍ എന്റെ ഓള്‍ റൗണ്ടറെന്ന കഴിവ് ഉപയോഗിക്കുന്നു. അത് തീര്‍ച്ചയായും ടീമിന് ഗുണം ചെയ്യും'' ഹാര്‍ദിക് പാണ്ട്യ പറഞ്ഞു.

അതേസമയം, ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ സീസണില്‍ അവസാന മത്സരം ഉള്‍പ്പെടെ മൂന്ന് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍നിരക്ക് ലഭിച്ചതാണ് ഈ സീസണിലെ ആദ്യ മത്സരത്തില്‍ നിന്ന് ഹാര്‍ദിക് വിലക്ക് നേരിടാന്‍ കാരണം. പകരമായി ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ കൂടി നായകനായ സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സിനെ നയിക്കാനെത്തും.