ധർമ്മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറും, 1,000 റൺസും 100 വിക്കറ്റുകളും എന്ന നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരവുമായി അദ്ദേഹം. ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൺ സ്റ്റബ്സിനെ പുറത്താക്കിയാണ് പാണ്ഡ്യ തന്റെ നൂറാം ടി20I വിക്കറ്റ് സ്വന്തമാക്കിയത്.

ടി20I-യിൽ 100 വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറാണ് ഹാർദിക് പാണ്ഡ്യ. പേസർമാരായ അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ എന്നിവരാണ് ഈ നേട്ടം ഇതിന് മുൻപ് കൈവരിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ. ടി20-യിൽ 1,000 റൺസും 100 വിക്കറ്റുകളും നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റർ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ലോകക്രിക്കറ്റിൽ ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), മൊഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ), സിക്കന്ദർ റാസ (സിംബാബ്‌വെ) എന്നിവർ മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് പ്രമുഖ ഓൾറൗണ്ടർമാർ.

അതേസമയം, മൂന്നാം ടി20 പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 20 ഓവറില്‍ 117 റണ്‍സിനു എല്ലാവരും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക തുടക്കം തന്നെ തകര്‍ന്നു. 7 റണ്‍സിനിടെ അവര്‍ക്ക് മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നഷ്ടമായി. 77 റണ്‍സിനിടെ അവര്‍ക്ക് 7 വിക്കറ്റുകളും നഷ്ടമായി. ഒരു ഘട്ടത്തില്‍ പ്രോട്ടീസ് 100 കടക്കുമോ എന്നു പോലും സംശയമായിരുന്നു.

46 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം മാര്‍ക്രം 61 റണ്‍സെടുത്തു. 20 റണ്‍സെടുത്ത ഡോണോവന്‍ ഫെരെയ്‌രയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. ആന്റിച് നോര്‍ക്യെയാണ് രണ്ടക്കം കടന്ന മൂന്നാമന്‍. താരം 12 റണ്‍സെടുത്തു. ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി 4 ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്ദീപ് 13 റണ്‍സ് മാത്രം വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണയും, കുല്‍ദീപ് യാദവും 2 വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവര്‍ ഓരേ വിക്കറ്റെടുത്തു.