റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് നേടിയ ശേഷമുള്ള ആഘോഷ പ്രകടനത്തിന് ഇന്ത്യൻ പേസർ ഹർഷിത് റാണക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) താക്കീതും ഒരു ഡീമെറിറ്റ് പോയിന്റും ശിക്ഷ. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം എതിർ താരത്തോടോ സപ്പോർട്ട് സ്റ്റാഫിനോടോ പ്രകോപനപരമായി പെരുമാറുകയോ മോശം ഭാഷ ഉപയോഗിക്കുകയോ ചെയ്തുവെന്ന കുറ്റത്തിനാണ് ഐസിസി നടപടി സ്വീകരിച്ചത്.

റാഞ്ചിയിൽ നടന്ന ഈ ഏകദിന മത്സരത്തിലെ 22-ാം ഓവറിലാണ് വിവാദ സംഭവം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ നിർണായക വിക്കറ്റ് നേടിയ ശേഷം, ഹർഷിത് റാണ ബ്രെവിസിന് അടുത്തേക്കെത്തി ഡ്രസ്സിങ് റൂമിലേക്ക് വിരൽ ചൂണ്ടുകയായിരുന്നു. മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സന് മുന്നിൽ റാണ തന്റെ തെറ്റ് സമ്മതിച്ചതിനാൽ, ഔദ്യോഗിക വാദം കേൾക്കൽ ഒഴിവാക്കിയാണ് ശിക്ഷ പ്രഖ്യാപിച്ചത്.

ലെവൽ 1 കുറ്റങ്ങൾക്ക് സാധാരണയായി ഒരു താക്കീത്, മാച്ച് ഫീയുടെ 50 ശതമാനം വരെ പിഴ, അല്ലെങ്കിൽ ഒരു ഡീമെറിറ്റ് പോയിന്റ് എന്നിവയാണ് ശിക്ഷയായി വിധിക്കാറുള്ളത്. ഈ സംഭവം റാണയുടെ കരിയറിലെ ആദ്യത്തെ പെരുമാറ്റച്ചട്ട ലംഘനമല്ല. നേരത്തെ, ഐപിഎൽ മത്സരങ്ങളിൽ വിക്കറ്റ് നേടിയ ശേഷം എതിർ ടീം ബാറ്റർമാർക്ക് നേരെ ഫ്ലയിങ് കിസ് നൽകി യാത്രയയച്ച സംഭവത്തിലും ഹർഷിത് റാണക്ക് ഐസിസി ശിക്ഷ നൽകിയിട്ടുണ്ട്. ഈ ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ ആകെ പോയിന്റ് നില വർദ്ധിപ്പിക്കും.

ഇന്ത്യ 17 റൺസിന് ആവേശം നിറഞ്ഞ വിജയം നേടിയ ആ മത്സരത്തിൽ, ഹർഷിത് റാണ തന്റെ ബൗളിങ് മികവ് തെളിയിച്ചിരുന്നു. 10 ഓവറിൽ 65 റൺസ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസ് നേടിയപ്പോൾ, ദക്ഷിണാഫ്രിക്ക 49.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു.