- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍: മാക്‌സ്വെലും ഹെഡും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇടപെട്ട് സ്റ്റോണിസ്; ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയിലെ 'തമാശ'ക്കാഴ്ച്ച
ഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍
ഹൈദരാബാദ്: ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ തമ്മിലിടഞ്ഞ് ഓസീസ് താരങ്ങള്‍. സണ്‍റൈസേഴ്‌സ് താരം ട്രാവിസ് ഹെഡും പഞ്ചാബ് താരം ഗ്ലെന്‍ മാക്‌സ്വെലുമാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇവര്‍ക്കിടയിലേക്ക് പഞ്ചാബിന്റെ മറ്റൊരു ഓസീസ് താരം മാര്‍ക്കസ് സ്റ്റോയ്‌നിസ് കൂടി എത്തിയതോടെ പോര് പൂര്‍ണമായും ഓസീസ് താരങ്ങള്‍ തമ്മിലായി. വിഷയത്തില്‍ ഒടുവില്‍ അംപയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കി താരങ്ങളെ പിരിച്ചുവിട്ടത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 245 റണ്‍സാണ്. കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അഭിഷേക് ശര്‍മയുടെ സെഞ്ചറിക്കരുത്തില്‍ ഒന്‍പതു പന്തു ബാക്കിനില്‍ക്കെ വിജയലക്ഷ്യം മറികടന്നു.
മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്റെ ചേസിങ്ങിനിടെ, ഒന്‍പതാം ഓവറിലാണ് മാക്‌സ്വെലും ട്രാവിസ് ഹെഡും നേര്‍ക്കുനേര്‍ വന്നത്. ഈ ഓവറില്‍ മാക്‌സ്വെലിനെതിരെ ഹെഡ് തുടര്‍ച്ചയായി രണ്ടു സിക്‌സറുകള്‍ നേടിയിരുന്നു. അടുത്ത പന്ത് മാക്‌സ്വെല്‍ വേഗം കൂട്ടിയെറിഞ്ഞതോടെ, ഹെഡിന് റണ്‍സ് നേടാനായില്ല.
ഇതിനു പിന്നാലെ മാക്സ്വെല്‍ എന്തോ പറഞ്ഞതോടെ ട്രാവിസ് ഹെഡ് തിരിച്ചടിച്ചു. ഇരുവരും തമ്മിലുള്ള വാക്പോരിന് ഇടയിലേക്ക് ഓടിയെത്തിയ മറ്റൊരു ഓസീസ് താരം മാര്‍ക്കസ് സ്റ്റോയ്‌നിസിനോടും ഹെഡ് അതൃപ്തി അറിയിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതോടെ അംപയര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍, എല്ലാം വെറും തമാശ മാത്രമാണെന്ന് മത്സരശേഷം മൂവരും പ്രതികരിച്ചു.