അഹമ്മദാബാദ്: ടി20 ലോകകപ്പ് കിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് ടീം ഇന്ത്യ നാളെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇറങ്ങുമ്പോൾ, പോരാട്ടം കളിമുറ്റത്ത് മാത്രമല്ല. കേവലം പരിശീലനത്തിനപ്പുറം ഗ്രഹദോഷങ്ങളും ഭാഗ്യനിർഭാഗ്യങ്ങളും വരെ ഇഴകീറി പരിശോധിച്ചാണ് ടീമിന്റെ ഓരോ നീക്കവും. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ കണ്ണീരോർമ്മകൾ മായ്ക്കാൻ ശാസ്ത്രീയമായ ഒരുക്കങ്ങൾക്കൊപ്പം 'ഭാഗ്യപരീക്ഷണങ്ങൾക്കും' ഇത്തവണ ബിസിസിഐ മുൻഗണന നൽകുന്നു.

മുംബൈയിലെ സെമി ഫൈനലിന് മുന്നോടിയായുള്ള പരിശീലനം 45 മിനിറ്റോളം വൈകിപ്പിച്ചത് ചന്ദ്രഗ്രഹണത്തിന്റെ അശുഭകരമായ സ്വാധീനം ഒഴിവാക്കാനായിരുന്നു. ഇതിന് പിന്നാലെ അഹമ്മദാബാദിലെ താമസസൗകര്യത്തിലും ബിസിസിഐ വിട്ടുവീഴ്ചയില്ലാത്ത മാറ്റം വരുത്തി. കഴിഞ്ഞ വർഷം ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ ഇന്ത്യ താമസിച്ചിരുന്ന ഐടിസി നർമ്മദ ഹോട്ടലിനെ ഇത്തവണ മാനേജ്‌മെന്റ് പാടെ ഉപേക്ഷിച്ചു.

പകരം താജ് സ്കൈലൈനിലാണ് രോഹിത്തും സംഘവും താവളമടിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സൂപ്പർ-8 മത്സരത്തിലെ പരാജയവും പഴയ ഹോട്ടലിലെ 'ദുശ്ശകുന'മായി ടീം വിലയിരുത്തുന്നു. സാധാരണയായി ആതിഥേയർ ഉപയോഗിക്കുന്ന ഹോം ഡ്രസ്സിംഗ് റൂമാണ് ഇന്ത്യ തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ, ഇക്കുറി അഹമ്മദാബാദിൽ ഇന്ത്യ സന്ദർശക ടീമിനുള്ള ഡ്രസ്സിംഗ് റൂമിലേക്ക് താവളം മാറ്റി. 2023-ലെ തോൽവി നടന്ന അതേ ഡ്രസ്സിംഗ് റൂമിലെ മനോവിഷമം താരങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ മാറ്റം. ഇതോടെ കിവികൾക്കാകും ഇത്തവണ ഹോം ഡ്രസ്സിംഗ് റൂം ലഭിക്കുക.