ലോര്‍ഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നിര്‍ണ്ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ലോര്‍ഡ്സില്‍ തുടക്കമാവും. ഇന്ത്യയും ഇംഗ്ലണ്ടും ഓരോ ടെസ്റ്റുകള്‍ ജയിച്ച് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. എഡ്ജ്ബാസ്റ്റണില്‍ ചരിത്രവിജയം നേടിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ലോര്‍ഡ്സില്‍ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് ആതിഥേയരായ ഇംഗ്ലണ്ടിന്റെ ലക്ഷ്യം.പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറ ഇല്ലാതിരുന്നിട്ടും എഡ്ജ്ബാസ്റ്റണില്‍ 336 റണ്‍സിന്റെ ചരിത്രവിജയമാണ് ഇന്ത്യ നേടിയത്.ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ജയിച്ചതാകട്ടെ അഞ്ച് വിക്കറ്റിനും.

ലോര്‍ഡ്സില്‍ മൂന്നാം പോരിനിറങ്ങുമ്പോള്‍ ഇരുടീമിലും മാറ്റം ഉറപ്പാണ്.എഡ്ജ്ബാസ്റ്റണില്‍ വിശ്രമം അനുവദിച്ച ലോക ഒന്നാം നമ്പര്‍ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തുമെന്ന് രണ്ടാം ടെസ്റ്റിനുശേഷം തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയിരുന്നു.ബുമ്രയ്ക്ക് പകരം ടീമിലെത്തിയ ആകാശ് ദീപ് 10 വിക്കറ്റുമായി തിളങ്ങിയതിനാല്‍ ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്കാവും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നഷ്ടമാവുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആദ്യ രണ്ട് ടെസ്റ്റിലും നിരാശപ്പെടുത്തിയ മലയാളിതാരം താരം കരുണ്‍ നായരും രണ്ടാം ടെസ്റ്റില്‍ തിളങ്ങാതിരുന്ന നിതീഷ് കുമാര്‍ റെഡ്ഡിയും നാളെ പുറത്ത് ഇരിക്കേണ്ടിവരുമെന്നാണ് സൂചന.രണ്ടാം ടെസ്റ്റിന്റൈ രണ്ട് ഇന്നിംഗ്സിലും ബാറ്റിംഗില്‍ പരാജയപ്പെട്ട നിതീഷിന് പന്തെറിയാനും അവസരം നല്‍കിയില്ല. നിതീഷിന് പകരം അര്‍ഷ്ദീപ് സിംഗോ കുല്‍ദീപ് യാദവോ ടീമിലെത്തിയേക്കുമെന്നാണ് കരുതുന്നത്.രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും സ്പിന്നര്‍മാരായി ഇലവനിലുള്ളതിനാല്‍ സാധ്യത കൂടുതല്‍ അര്‍ഷ്ദീപിന്റെ അരങ്ങേറ്റത്തിനാണ്.

കരുണിന് പകരം സായ് സുദര്‍ശന്‍ ഇലവനിലേക്ക് തിരിച്ചെത്താനും സാധ്യതയുണ്ട്. സായ് സുദര്‍ശനൊപ്പം അഭിമന്യൂ ഈശ്വരനും ധ്രുവ് ജുറലും ടീം മാനേജ്മെന്റിന്റെ പരിഗണനയിലുണ്ട്.ആദ്യ രണ്ട് ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്‍ തന്നെയാവും ബാറ്റിംഗ് നിരയിലെ ശ്രദ്ധാകേന്ദ്രം.ഇംഗ്ലണ്ട് ടീമിലേക്ക് വരികയാണെങ്കില്‍ ഫാസ്റ്റ് ബൗളിംഗ് നിരയ്ക്ക് കരുത്തുപകരാന്‍ ഇംഗ്ലണ്ട് നിരയില്‍ ഗുസ് അറ്റ്കിന്‍സണും ജോഫ്ര ആര്‍ച്ചറും തിരിച്ചെത്തിയേക്കും.ഇരുവരും പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക ബ്രൈഡന്‍ കാര്‍സിനും ജോഷ് ടങിനുമാവും.

ടീമിന്റെ മാറ്റത്തിനേക്കാളുപരി ഇത്തവണ ഏവരും ശ്രദ്ധിക്കുന്നത് ലോര്‍ഡ്സിലെ പിച്ചിനെയാണ്.പിച്ചായിരുന്നു എഡ്ജ്ബാസ്റ്റണിലെ പരാജയത്തിന് കാരണമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍സ്റ്റോക്ക് തന്നെ പറഞ്ഞതിനാല്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുകയും ഇംഗ്ലണ്ടിന് ആനുകൂല്യം ലഭിക്കുകയും ചെയ്യുന്ന പിച്ചാവും മുന്നാം ടെസ്റ്റിലേക്ക് തയ്യാറാക്കുക.മൂന്നാം ടെസ്റ്റിന് പേസും ബൗണ്‍സും സ്വിംഗുമുള്ള വിക്കറ്റ് ഒരുക്കണമെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രണ്ടന്‍ മക്കല്ലം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെയെങ്കില്‍ ലോര്‍ഡ്സില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാവും.

അതേസമയം ഈ വിലയിരുത്തലിനെ സാധൂകരിക്കുന്ന ലോര്‍ഡ്‌സിലെ പിച്ചിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുല്ലുനിറഞ്ഞ പിച്ചാണ് ലോര്‍ഡ്‌സില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിനെ നന്നായി തുണയ്ക്കുന്ന ഫ്‌ളാറ്റ് പിച്ചുകളാണ് ഇംഗ്ലണ്ട് ഒരുക്കിയിരുന്നത്. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിക്ക് ഉതകുന്ന തരത്തിലായിരുന്നു പിച്ചുകളുടെ നിര്‍മിതി. എന്നാല്‍ ലീഡ്‌സിലും പിന്നീട് എജ്ബാസ്റ്റണിലും ഇന്ത്യന്‍ ബാറ്റിങ് നിര തിളങ്ങിയിരുന്നു.ലീഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ പിറന്നത്. എജ്ബാസ്റ്റണില്‍ ക്യാപ്റ്റന്‍ ഗില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും അടക്കം 430 റണ്‍സ് ഒറ്റയ്ക്ക് അടിച്ചെടുത്തിരുന്നു.

ലീഡ്‌സില്‍ ജയിക്കാനായെങ്കിലും എജ്ബാസ്റ്റണിലെ തോല്‍വി ഇംഗ്ലണ്ട് ടീമിനെ പ്രതിരോധത്തിലാക്കിയിരുന്നു.തോല്‍വിക്കു പിന്നാലെ പിച്ചിനെ കുറ്റപ്പെടുത്തി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് രംഗത്തെത്തുകയും ചെയ്തിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നിര്‍ണായകമായ ലോര്‍ഡ്‌സ് ടെസ്റ്റില്‍ പച്ചപ്പ് നിറഞ്ഞ പിച്ച് ഒരുക്കിയിരിക്കുന്നത്.ലോര്‍ഡ്‌സ് ടെസ്റ്റിനായി ഇംഗ്ലണ്ട് ടീമില്‍ വരുത്തിയ മാറ്റവും പിച്ചിന്റെ സ്വഭാവമറിഞ്ഞാണ്.പിച്ച് നനയ്ക്കുന്നുമുണ്ട്.ഇതോടെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചാകും ലോര്‍ഡ്‌സില്‍ ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് വ്യക്തമായി.

ജോഫ്ര ആര്‍ച്ചറിനെയും ഗസ് ആറ്റ്കിന്‍സണെയും ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയതും പിച്ചിന്റെ സ്വഭാവമറിഞ്ഞാണെന്നത് വ്യക്തം.2021 ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി കൈമുട്ടിനും പുറംഭാഗത്തുമേറ്റ പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന ആര്‍ച്ചര്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പേശീവലിവ് കാരണമാണ് ആറ്റ്കിന്‍സണ് രണ്ടു ടെസ്റ്റുകള്‍ നഷ്ടമായത്. പുല്ല് നിറഞ്ഞ പിച്ചില്‍ തുടര്‍ച്ചയായി 140 കി.മീ മുകളില്‍ പന്തെറിയുന്ന ആര്‍ച്ചര്‍ ശുഭ്മാന്‍ ഗില്ലും സംഘത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പ്.

ഇതോടൊപ്പം ലോര്‍ഡ്‌സില്‍ അസാധാരണ ബൗളിങ് റെക്കോഡുള്ള ഗസ് ആറ്റ്കിന്‍സണ്‍ കൂടി ചേരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിങ്ങിനെ വിറപ്പിക്കുക തന്നെയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്ന് വ്യക്തം.ലോര്‍ഡ്‌സില്‍ കളിച്ച നാല് ഇന്നിങ്‌സുകളില്‍ നിന്ന് 19 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. ലോര്‍ഡ്സിലെ കന്നി മത്സരത്തില്‍ തന്നെ 12 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.കഴിഞ്ഞമാസം നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് സമാനമായി പാറ്റ് കമ്മിന്‍സും കാഗിസോ റബാഡയും മികച്ച സീം മൂവ്‌മെന്റ് കണ്ടെത്തിയ തരത്തിലുള്ള പിച്ചാണ് ഒരുക്കേണ്ടതെന്ന് എംസിസി ഗ്രൗണ്ട്സ്മാന്‍ കാള്‍ മക്ഡെര്‍മോട്ടിന് നിര്‍ദേശമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.