ദുബായ്: ട്വന്റി 20 ലോകകപ്പ് സംഘാടനത്തിലെ പിഴവുകള്‍ക്ക് കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ കൂട്ടരാജി. ടൂര്‍ണമെന്റ് നടത്തിപ്പ് തലവന്‍ ക്രിസ് ഡെട്‌ലി, മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോങ്ങുമാണ് രാജിവച്ചത്. ഈമാസം പത്തൊന്‍പതിന് ഐസിസി കോണ്‍ഫറന്‍സ് നടക്കാനിരിക്കേയാണ് പ്രധാന ചുമതലയിലുള്ളവരുടെ രാജി.

അമേരിക്കയിലെ മത്സരങ്ങളുടെ പേരില്‍ ബജറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ വന്‍തുക ഇവര്‍ ചെലവഴിച്ചത് അംഗ രാജ്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. മത്സരങ്ങള്‍ അമേരിക്കയില്‍ നടത്തിയതിലൂടെ ഐസിസിക്ക് കനത്ത നഷ്ടം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇരുവരുടെയും രാജി ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ടല്ലെന്നും ഇരുവരുടെയും രാജി മാസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചിട്ടുള്ളതാണെന്നുമാണ് ഐ സി സി വിശദീകരണം. ലോകകപ്പ് തീരുന്നതുവരെ തീരുമാനം വൈകിപ്പിച്ചുവെന്നേയുള്ളൂവെന്നും ഐസിസി വൃത്തങ്ങള്‍ പറഞ്ഞു.

അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടന്ന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരത്തിനടക്കം വേദിയായത് ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയായിരുന്നു.അപ്രതീക്ഷിത ബൗണ്‍സുള്ള ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ 100 റണ്‍സ് പോലും പിന്നിടാന്‍ പലപ്പോഴും ടീമുകള്‍ ബുദ്ധിമുട്ടി. ഓസ്‌ട്രേലിയയില്‍ നിന്ന് കൊണ്ടുവന്ന ഡ്രോപ്പ് ഇന്‍ പിച്ച് ഒരുക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും ഇതാണ് പിച്ചിന്റെ വിചിത്ര സ്വഭാവത്തിന് കാരണമായെതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോകകപ്പ് പൂര്‍ത്തിയായതിന് പിന്നാലെ സ്റ്റേഡിയം പൊളിച്ചുമാറ്റാനും തീരുമാനിച്ചിരുന്നു. ലോകകപ്പിലെ 16 മത്സരങ്ങള്‍ക്ക് നാസൗ കൗണ്ടി സ്റ്റേഡിയം വേദിയായിരുന്നു