ദുബായ്: ട്വന്റി 20 പരമ്പരകളില്‍ തകര്‍പ്പന്‍ പ്രകടനം തുടരെ തുടരെ കാഴ്ചവെക്കുന്നതിലൂടെ ഐസിസിയുടെ ബാറ്റര്‍മാരുടെയും ബോളര്‍മാരുടെയും റാങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം. രണ്ടം ട്വന്റി 20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച തിലക് വര്‍മ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത് എത്തി. മത്സരത്തില്‍ നല്ല ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തി ആദ്യ മത്സരത്തില്‍ നാല് വിക്കറ്റും മൂന്നാം മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. ഇതോടെ വരുണ്‍ ബോളര്‍മാരുടെ റാങ്കിങ്ങില അഞ്ചാം സ്ഥാനത്ത് എത്തി. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ 12 സ്ഥാനങ്ങള്‍ താഴേക്കിറങ്ങി 29-ാം സ്ഥാനത്താണ് ഇപ്പോള്‍.

ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുപത്തിരണ്ടുകാരന്‍ തിലക് വര്‍മ, രണ്ടാം ട്വന്റി20യില്‍ 55 പന്തില്‍ പുറത്താകാതെ നേടിയ 72 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാം സ്ഥാനത്ത് ഓസീസിന്റെ ട്രാവിസ് ഹെഡാണുള്ളത്. ഫില്‍ സാള്‍ട്ടും, ജോസ് ബട്‌ലറും രണ്ടും അഞ്ചും സ്ഥാനങ്ങള്‍. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവാണ് നാലാം സ്ഥാനത്ത്. യശ്വസി ജയസ്വാള്‍ ഒന്‍പതാമതും, ബാബര്‍ അസം, പാത്തും നിസ്സങ്ക എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളില്‍. ശ്രീലങ്കയുടെ കുശാല്‍ പെരേരയാണ് പത്താമത്.

ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ കയറിയാണ് വരുണ്‍ ചക്രവര്‍ത്തി അഞ്ചാമതെത്തിയത്. പരമ്പര തുടങ്ങും മുന്‍പ് 30ാം സ്ഥാനത്തായിരുന്ന വരുണിന്, ആദ്യ മൂന്നു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റ് പിഴുത പ്രകടനമാണ് അഞ്ചാം സ്ഥാനത്തേക്കുള്ള കുതിപ്പിന് ഇന്ധനമായത്. ഇന്നലെ രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ തോറ്റെങ്കിലും, അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുണ്‍ ചക്രവര്‍ത്തിയായിരുന്നു കളിയിലെ കേമന്‍.

ആദില്‍ റഷീദാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസ് താരം അഖീല്‍ ഹുസൈന്‍, ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗ, ഓസ്‌ട്രേലിയയുടെ ആദം സാംപ രണ്ടും മൂന്നും നാലും സ്ഥാനത്തുണ്ട്. ജോഫ്ര ആര്‍ച്ചര്‍ ആറാമതും, അര്‍ഷ്ദീപ് സിങ് എട്ടാമതും, വി ബിഷ്‌ണോയ് 10ാം സ്ഥാനത്തുമുണ്ട്. ഇന്ത്യന്‍ ഉപനായകന്‍ അക്ഷര്‍ പട്ടേല്‍ അഞ്ച് സ്ഥാനങ്ങള്‍ കയറി 11ാമതെത്തി.