ദുബായ്: പെര്‍ത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുംറ. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയതില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ യശസ്വി ജയ്സ്വാള്‍ രണ്ടാമതെത്തി. പെര്‍ത്ത് ടെസ്റ്റില്‍ ബുംറ എട്ട് വിക്കറ്റുകള്‍ നേടിയിരുന്നു.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ബുംറയായിരുന്നു ടീമിനെ നയിച്ചത്. 883 പോയിന്റോടെയാണ് ബുംറ റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്. റാങ്കിങ്ങില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളറുടെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേട്ടമാണിത്. കഗിസോ റെബാഡയേയും ജോഷ് ഹേസല്‍വുഡിനേയും മറികടന്നാണ് ബുംറ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്.

ഈ വര്‍ഷം മൂന്നാം തവണയാണ് ബുംറ റാങ്കിങ്ങില്‍ മുന്നിലെത്തുന്നത്. നേരത്തെ ഫെബ്രുവരിയിലും ഒക്ടോബറിലും ബുംറ ഒന്നാമതെത്തിയിരുന്നു. പെര്‍ത്തില്‍ അഞ്ചുവിക്കറ്റ് നേടിയ മുഹമ്മദ് സിറാജ് മൂന്നുസ്ഥാനം മെച്ചപ്പെടുത്തി 25-ാമതെത്തി.

ആദ്യ ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, രണ്ടാം ഇന്നിങ്സില്‍ 161 റണ്‍സ് നേടി. 825 പോയിന്റ് നേടിയ ജയ്സ്വാള്‍, ഹാരി ബ്രൂക്കിനേയും കെയ്ന്‍ വില്യംസണേയും മറികടന്നാണ് രണ്ടാമതെത്തിയത്. ഒന്നാമതുള്ള ജോ റൂട്ടുമായി 78 പോയിന്റെ വ്യത്യാസമാണുള്ളത്.

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തി 13-ാമതെത്തി. കെ.എല്‍. രാഹുല്‍ 49-ാം സ്ഥാനത്താണ്. നിതീഷ് കുമാര്‍ റെഡ്ഡി 74-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഋഷഭ് പന്ത് ആറാം സ്ഥാനത്ത് മാറ്റമില്ലാതെ തുടരുന്നു.