ലഹോര്‍: ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളില്‍ ഇനി പാക്കിസ്ഥാന് ജയിക്കാന്‍ പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയും പാക്കിസ്ഥാന്‍ സൈനിക തലവന്‍ ജനറല്‍ അസിം മുനീറും പാഡ് ധരിച്ച് ഓപ്പണര്‍മാരായി കളിക്കാനിറങ്ങേണ്ടിവരുമെന്ന് പാക്ക് മുന്‍ ക്യാപ്റ്റനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. ഏഷ്യാകപ്പിലെ ഗ്രൂപ്പ് മത്സരത്തിലും സൂപ്പര്‍ ഫോര്‍ മത്സരത്തിലും പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയ സാഹചര്യത്തിലാണ് ജയിലിലുള്ള ഇമ്രാന്‍ ഖാന്റെ പ്രതികരണം. ഇമ്രാന്റെ സഹോദരി അലീമ ഖാനാണ് താരത്തിന്റെ സന്ദേശം മാധ്യമങ്ങള്‍ക്കു കൈമാറിയത്.

''ജനറല്‍ അസി മുനീറും മൊഹ്‌സിന്‍ നഖ്‌വിയും ഒരുമിച്ച് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്നതു മാത്രമാണു പാക്കിസ്ഥാനു വിജയിക്കാനുള്ള വഴി. പാക്കിസ്ഥാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ക്വാസി ഫേസ് ഇസ, തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സികന്ദര്‍ സുല്‍ത്താന്‍ രാജ എന്നിവര്‍ അംപയര്‍മാരാകട്ടെ. ഇസ്‌ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സര്‍ഫറാസ് ദോഗര്‍ തേര്‍ഡ് അംപയറുമാകണം. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്‍ ചിലപ്പോള്‍ ജയിക്കുമായിരിക്കും.''

''പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്കു കാരണം മൊഹ്‌സിന്‍ നഖ്‌വിയുടെ കഴിവില്ലായ്മയാണ്. നെപ്പോട്ടിസത്തിന്റെ ഭാഗമായാണ് അയാള്‍ ക്രിക്കറ്റ് തലപ്പത്ത് എത്തിയത്.'' ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ സ്ഥാപകനായ ഇമ്രാന്‍ ഖാന്‍ വിവിധ കേസുകളില്‍ പ്രതിയായി 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. അലീമ ഖാന്‍ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇമ്രാന്റെ വാക്കുകള്‍ പങ്കുവെച്ചത്.

പാകിസ്ഥാന്‍ ടീം ഇന്ത്യയോട് തുടര്‍ച്ചയായി തോറ്റതിനെക്കുറിച്ച് താന്‍ സഹോദരനെ അറിയിച്ചപ്പോഴാണ് ഇമ്രാന്‍ ഇത് പറഞ്ഞതെന്നും അലീമ പറഞ്ഞു. 1992-ല്‍ പാകിസ്ഥാന് ഏകദിന ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാന്‍, പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്ക് കാരണം മൊഹ്സിന്‍ നഖ്വിയുടെ കഴിവില്ലായ്മയും സ്വജനപക്ഷപാതവുമാണെന്നും ആരോപിച്ചു. 2024 ഫെബ്രുവരിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ചീഫ് ജസ്റ്റിസ് ഈസയുടെയും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജയുടെയും സഹായത്തോടെ തന്റെ പാര്‍ട്ടിയുടെ (പാകിസ്ഥാന്‍ തെഹ്രീകെ-ഇന്‍സാഫ്) വിജയം ജനറല്‍ മുനീര്‍ തട്ടിയെടുത്തുവെന്നും 72-കാരനായ ഇമ്രാന്‍ ദീര്‍ഘകാലമായി ആരോപിക്കുന്നുണ്ട്. 2023 ഓഗസ്റ്റ് മുതല്‍ നിരവധി കേസുകളില്‍ ഇമ്രാന്‍ ജയിലിലാണ്.

അതേസമയം ഏഷ്യാകപ്പില്‍ ഇന്ത്യപാക് പോരാട്ടം ഒരിക്കല്‍ കൂടി നടക്കാനുള്ള സാധ്യതയുണ്ട്. സൂപ്പര്‍ ഫോറില്‍ അടുത്ത രണ്ട് മല്‍സരങ്ങളില്‍ ശ്രീലങ്കയെയും ബംഗ്ലദേശിനെയും പരാജയപ്പെടുത്തിയാല്‍ പാക്കിസ്ഥാന് ഇന്ത്യയ്‌ക്കൊപ്പം ഫൈനല്‍ കളിക്കാം. ഇന്ന് രാത്രി എട്ടിനാണ് ശ്രീലങ്കയ്‌ക്കെതിരായ പാക്കിസ്ഥാന്റെ രണ്ടാം സൂപ്പര്‍ ഫോര്‍ മല്‍സരം.