- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയലക്ഷ്യത്തിന് 103 റൺസ് അകലെ റിഷഭ് പന്ത് വീണു; വാലറ്റത്തിന്റെ കരുത്തിൽ 3 വിക്കറ്റിന്റെ തകർപ്പൻ ജയം; ദക്ഷിണാഫ്രിക്ക എക്കെതിരായ പരമ്പരയിൽ ഇന്ത്യ മുന്നിൽ; തനുഷ് കൊട്ടിയാൻ കളിയിലെ താരം
ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ആദ്യ ചതുർദിന ടെസ്റ്റിൽ ഇന്ത്യ എ ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. വാലറ്റത്തിൽ പൊരുതിയ അൻഷുൽ കാംബോജ് (37*), മാനവ് സുതാർ (20*), തനുഷ് കൊടിയാൻ (23) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചത്. വിജയത്തോടെ രണ്ട് മത്സര പരമ്പരയിൽ ഇന്ത്യ എ 1-0ന് മുന്നിലെത്തി. 275 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി ക്യാപ്റ്റൻ റിഷഭ് പന്ത് 90 റൺസെടുത്ത് മികച്ച പ്രകടനം നടത്തി. എന്നാൽ ലക്ഷ്യത്തിന് 103 റൺസ് അകലെ നിൽക്കെ പന്ത് വീണു. തുടർന്നാണ് വാലറ്റ നിരയുടെ ഇന്ത്യയ്ക്കായി പൊരുതിയത്.
നാലാം ദിനം 119 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് ക്യാപ്റ്റൻ റിഷഭ് പന്തിന്റെ പ്രകടനമാണ് കരുത്തായത്. ആയുഷ് ബദോനിയുമൊത്ത് 53 റൺസിന്റെ കൂട്ടുകെട്ട് നേടിയെങ്കിലും, 172-ൽ നിൽക്കെ പന്ത് പുറത്തായത് തിരിച്ചടിയായി. 113 പന്തുകളിൽ നിന്ന് 11 ഫോറും നാല് സിക്സും പറത്തിയ റിഷഭ് പന്തിനെ ടിയാൻ വാന്‍ വൂറൻ പുറത്താക്കി. തുടർന്ന് 34 റൺസെടുത്ത ആയുഷ് ബദോനിയെയും ഇതേ ബൗളർ മടക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.
തനുഷ് കൊടിയാൻ 23 റൺസ് നേടി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചെങ്കിലും, ജയത്തിന് 60 റൺസകലെ വീണു. എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ച കൊടിയാനും മാനവ് സുതാറും ചേർന്ന് 62 റൺസിന്റെ അപരാജിത കൂട്ടുകെട്ടിലൂടെ ഇന്ത്യയെ വിജയവര കടത്തി. 46 പന്തിൽ നാല് ഫോറും രണ്ട് സിക്സും പറത്തിയാണ് അൻഷുൽ കാംബോജ് 37 റൺസെടുത്ത് പുറത്താകാതെ നിന്നത്. കളിയിൽ നിർണ്ണായക റണ്ണെടുത്തതിനൊപ്പം 8 വിക്കറ്റുകൾ വീഴ്ത്തിയ തനുഷ് കൊട്ടിയാനാണ് മത്സരത്തിലെ താരം. പരമ്പരയിലെ രണ്ടാം മത്സരം വ്യാഴാഴ്ച ആരംഭിക്കും. സ്കോർ: ദക്ഷിണാഫ്രിക്ക എ 309, 199; ഇന്ത്യ എ 234, 277/7.




