- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസിസ് പരിശീലനം കാണാന്‍ 70 പേര് മാത്രം; ഇന്ത്യന്‍ താരങ്ങളെ കാണാനും ഫോട്ടോയ്ക്കും ഓട്ടോഗ്രാഫിനും തിരക്ക്; ഔട്ടായാല്‍ ബോഡി ഷേമിംഗ്; പരിശീലനം മതിയാക്കി രോഹിതും സംഘവും; ആരാധകരെ വിലക്കി ഓസ്ട്രേലിയ
ഔട്ടായാല്‍ ബോഡി ഷേമിംഗ്; ഇന്ത്യന്‍ ടീമിന്റെ പരിശീലനം കുളമായി
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനം കുളമാക്കി ആരാധകരുടെ ഇടപെടല്‍. ആരാധകരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പരിശീലനം പാതിവഴിയില്‍ നിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍ മടങ്ങി. അഡ്ലെയ്ഡിലെ ഡേ നൈറ്റ് / പിങ്ക് ബോള്‍ ടെസ്റ്റിന് മുന്നോടിയായി നടന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലന സ്ഥലത്തേക്ക് ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരുന്നു. ഓസ്ട്രേലിയന്‍ ടീമിന്റെ പരിശീലനത്തിന് 70 പേരോളമാണ് എത്തിയതെങ്കില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലനം കാണാനെത്തിയത് മൂവായിരത്തോളം പേരായിരുന്നു. കാഴ്ചക്കാര്‍ നെറ്റ്സിന് ചുറ്റും കൂടിയതോടെ ഇന്ത്യന്‍ താരങ്ങളുടെ പരിശീലനം ബുദ്ധിമുട്ടിലായി.
പലരും കൂടെനിന്ന് ഫോട്ടോയെടുക്കാനും ഓട്ടോഗ്രാഫിനും മറ്റുമായി താരങ്ങളെ പൊതിഞ്ഞതോടെ പരിശീലന സെഷന്‍ പലപ്പോഴും ഫോട്ടോ സെഷന് വഴിമാറി. ഇതിനിടെ നെറ്റ്സില്‍ ബീറ്റണാകുകയോ പുറത്താകുകയോ ചെയ്യുന്ന ഇന്ത്യന്‍ ബാറ്റര്‍മാരെ കാണികള്‍ പരിഹസിക്കുകയും ബോഡി ഷെയിം ചെയ്യുകയും ചെയ്തതോടെ ടീം പരിശീലനം മതിയാക്കുകയായിരുന്നു. ഇതോടെ ഓപ്പണ്‍ പരിശീലന സെഷന്‍ റദ്ദാക്കാന്‍ ബിസിസിഐ, ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ കാണികളെ വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഉത്തരവിറങ്ങി.
നെറ്റ്സിലേക്ക് ബാറ്റര്‍മാര്‍ക്ക് കടക്കാനാകാത്തവിധം കാണികള്‍ കൂടി. പോരാത്തതിന് ഒച്ചപ്പാടും ബഹളവും കൂടിയായതോടെ പരിശീലന സെഷന്‍ ഒഴിവാക്കുകയല്ലാതെ ടീമിന് മറ്റ് മാര്‍ഗങ്ങളൊന്നും ഉണ്ടായില്ല. വിരാട് കോലി, രോഹിത് ശര്‍മ, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ആരാധകരില്‍ നിന്ന് ഇത്തരത്തിലുള്ള പെരുമാറ്റമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കളിക്കാര്‍ പരിശീലനത്തിനായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോള്‍ താരങ്ങള്‍ തിക്കും തിരക്കു കൂട്ടി സെല്‍ഫിയെടുക്കാനും ഫേസ്ബുക്ക് ലൈവ് ചെയ്യാനുമെല്ലാം ശ്രമിച്ചതോടെ തിക്കും തിരക്കുമായി. പരിശീലനത്തിനായി വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ഗ്രൗണ്ടിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ഇത്.
നാലു മണിക്കൂറോളം ടീം പരിശീലനത്തിനിറങ്ങിയിരുന്നു. ഈ നാലു മണിക്കൂറും കാണികളുടെ ശബ്ദത്തെ തുടര്‍ന്ന് ബാറ്റര്‍മാര്‍ക്ക് പരിശീലനം ബുദ്ധിമുട്ടേറിയതായി. കൂക്കിവിളിയും ഉച്ചത്തിലുള്ള നിര്‍ദേശം നല്‍കലുമൊക്കെയായി കാണികള്‍ താരങ്ങളെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചെന്ന് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഓസ്ട്രേലിയയില്‍ പൊതുവെ പരിശീലനം കാണാന്‍ കാണികളെ പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്രയധികം ആളുകള്‍ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
രോഹിത്തിനോടും പന്തിനോടും സിക്സറടിക്കാനായിരുന്നു കാണികളുടെ തുടര്‍ച്ചയായുള്ള ആവശ്യം. ഒരു കളിക്കാരന്റെ ഫിറ്റ്നസിനെ കുറിച്ച് ചിലര്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. കോലിയും ഗില്ലുമാണ് പ്രധാനമായും ആള്‍ക്കൂട്ടത്തിന് ഇരയായത്. ഇവര്‍ക്കൊപ്പം ഫേസ്ബുക്ക് ലൈവിനുവരെ ആരാധകര്‍ മുതിര്‍ന്നു. പരിശീലന സെഷനില്‍ കാണിക്കേണ്ട സാമാന്യ മര്യാദ പോലും ആള്‍ക്കൂട്ടത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
കാണികളുടെ സാന്നിധ്യം കളിക്കാരുടെ ശ്രദ്ധമാറാന്‍ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരിശീലനം കാണാന്‍ കാണികളെ പ്രവേശിപ്പിക്കരുതെന്ന് ബിസിസിഐ അഭ്യര്‍ത്ഥിച്ചത്. ഓസ്‌ട്രേലിയയിലെ പരിശീലന ഗ്രൗണ്ടികളില്‍ സാധാരണഗതിയില്‍ കാണികളെ അനുവദിക്കാറുണ്ട്. കാണികളുടെ ഭാഗത്തു നിന്നുള്ള പെരുമാറ്റം പതിവുപോലെയായിരുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ എല്‍ രാഹുലും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് അഡ്ലെയ്ഡില്‍ തുടങ്ങുന്നത്. ഡേ നൈറ്റ് ടെസ്റ്റാണിത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.