ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിങ്. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് പ്രധാന മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. പേസർ ജസ്പ്രീത് ബുമ്രയ്ക്കും ഓൾറൗണ്ടർ ശിവം ദുബെയ്ക്കും വിശ്രമം അനുവദിച്ചപ്പോൾ, ഹർഷിത് റാണയും അർഷ്ദീപ് സിംഗും ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി തുടരും. ശ്രീലങ്കൻ നിരയിൽ ചാമിക കുരണാരത്‌നെയ്ക്ക് പകരം ജനിത് ലിയാനഗെ ടീമിലെത്തി.

ഏഷ്യാ കപ്പിൽ തോൽവി അറിയാതെ ഫൈനൽ ഉറപ്പിച്ച ഇന്ത്യൻ ടീമിന് ശ്രീലങ്കയ്‌ക്കെതിരായ മത്സരം സൂപ്പർ ഫോറിലെ അവസാനത്തേതാണ്. അതേസമയം, സൂപ്പർ ഫോറിൽ ഒരു ജയമെങ്കിലും നേടി നാണം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം. ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിൽ ബാറ്റിംഗിൽ അവസരം ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിമർശനങ്ങൾക്കിടെ സഞ്ജു സാംസണിന് ബാറ്റിംഗിൽ സ്ഥാനക്കയറ്റം ലഭിക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുന്നു.

ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നവരെ പുറത്തിരുത്തി സഞ്ജുവിനെ വീണ്ടും മൂന്നാം നമ്പറിൽ ഇറക്കാനാണ് സാധ്യത. ഒമാനെതിരെ മൂന്നാം നമ്പറിൽ ഇറങ്ങിയപ്പോൾ സഞ്ജു അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ ശ്രീലങ്കയ്‌ക്കെതിരെ സഞ്ജുവിൻ്റെ ബാറ്റിംഗ് റെക്കോർഡ് മികച്ചതല്ല. കളിച്ച 9 ടി20 മത്സരങ്ങളിൽ നിന്ന് 102 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്.

ഇന്ത്യൻ ടീം: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.

ശ്രീലങ്കൻ ടീം: പതും നിസ്സങ്ക, കുസൽ മെൻഡിസ് (വിക്കറ്റ് കീപ്പർ), കുശാൽ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റൻ), കാമിന്ദു മെൻഡിസ്, ദസുൻ ഷനക, വാനിന്ദു ഹസരംഗ, ജനിത് ലിയാനഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, നുവാൻ തുഷാര.

ഈ മത്സരം ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇരു ടീമുകളുടെയും അവസാന മത്സരമാണ്, കൂടാതെ ഫൈനലിന് മുന്നോടിയായി ഇന്ത്യയുടെ ടീം കോമ്പിനേഷൻ വിലയിരുത്താനും ഇത് അവസരം നൽകും.