വഡോ​ദര: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. വിരാട് കോലിയുടെ (93) തകർപ്പൻ പ്രകടനവും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ (56) അർധസെഞ്ചുറിയുമാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 306 റൺസെടുത്ത് വിജയത്തിലെത്തി.

301 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 8.4 ഓവറിൽ ഇരുവരും 39 റൺസ് കൂട്ടിച്ചേർത്തു. 29 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറുമടക്കം 26 റൺസെടുത്ത രോഹിത് ശർമയാണ് ആദ്യം പുറത്തായത്. തുടർന്നെത്തിയ വിരാട് കോലി മികച്ച ഫോമിൽ ബാറ്റ് വീശിയതോടെ ഇന്ത്യൻ സ്കോർ അതിവേഗം മുന്നേറി.

കോലിയും ഗില്ലും ചേർന്ന് ഇന്ത്യൻ സ്കോർ 100 കടത്തി. 71 പന്തിൽ 56 റൺസെടുത്ത ക്യാപ്റ്റൻ ഗിൽ ടീം സ്കോർ 157-ൽ നിൽക്കെ പുറത്തായി. ഗില്ലിന് ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമൊത്ത് കോലി സ്കോർ മുന്നോട്ട് കൊണ്ടുപോയി. അർധസെഞ്ചുറി നേടിയ കോലി സെഞ്ച്വറിയിലേക്ക് കുതിക്കവെ 91 പന്തിൽ എട്ട് ഫോറും ഒരു സിക്സുമടക്കം 93 റൺസെടുത്ത് പുറത്തായത് ഇന്ത്യൻ ആരാധകർക്ക് നിരാശയായി. കെയ്ല്‍ ജാമിസന്റെ പന്തിൽ മിച്ചൽ ബ്രേസ്‌വെല്ലിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത്.

ശ്രേയസ് അയ്യർ (49), കെ.എല്‍. രാഹുല്‍ (29 നോട്ടൗട്ട്), ഹർഷിത് റാണ (29) എന്നിവരും നിർണായക റൺസ് സംഭാവന ചെയ്തു. ശ്രേയസും രവീന്ദ്ര ജഡേജയും ചെറിയ ഇടവേളയിൽ പുറത്തായത് ഇന്ത്യൻ ക്യാമ്പിൽ നേരിയ അങ്കലാപ്പ് സൃഷ്ടിച്ചെങ്കിലും കിവി ഫീൽഡർമാർ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് അനുകൂലമായി. വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് റൺസെടുത്ത് പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ സിക്സർ പറത്തി ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചു. ന്യൂസിലൻഡ് ബൗളിങ് നിരയിൽ കെയ്ല്‍ ജാമിസന്‍ നാല് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.