അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം ടി20 യില്‍ 30 റണ്‍സിന്റെ വിജയവുമായി ഇന്ത്യ. അഹമ്മദാബാദിലെ മത്സരത്തില്‍ ബാറ്റിംഗിലെ മികവാണ് ഇന്ത്യക്ക് വിജയം കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 231 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ മറുപടി 201 റണ്‍സില്‍ ഒതുങ്ങി. ഇന്ത്യക്കായി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റുമെടുത്തു. ഈ വിജയത്തോടെ സൂര്യകുമാറിന് കീഴില്‍ ഒരു കിരീടവും നഷ്ടമാകാതെ ടീ ഇന്ത്യ ലോകകപ്പിന് ഇറങ്ങുകാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയും വെടിക്കെട്ടോടെയാണ് തുടങ്ങിയത്. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് അടിച്ചുതകര്‍ത്തതോടെ ടീം നാലോവറില്‍ 52 റണ്‍സെടുത്തു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ സ്‌കോര്‍ 67 ലെത്തി. ആ ഘട്ടത്തില്‍ 47 റണ്‍സും ഡി കോക്കിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഏഴാം ഓവറില്‍ 13 റണ്‍സെടുത്ത റീസ ഹെന്‍ഡ്രിക്സ് മടങ്ങി.

പിന്നാലെ ഡി കോക്ക് അര്‍ധസെഞ്ചുറി തികച്ചു. 30 പന്തില്‍ നിന്നാണ് താരം ഫിഫ്റ്റി തികച്ചത്. വണ്‍ ഡൗണായി ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസും ഇന്ത്യന്‍ ബൗളര്‍മാരെ പ്രഹരിച്ചതോടെ ടീം പത്തോവറില്‍ 118 റണ്‍സെടുത്തു. എന്നാല്‍ പിന്നീട് പ്രോട്ടീസ് ബാറ്റര്‍മാരെ കൂടാരം കയറ്റി ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്. 35 പന്തില്‍ നിന്ന് 65 റണ്‍സെടുത്ത ഡി കോക്കിനെ വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഡെവാള്‍ഡ് ബ്രവിസ്(31), എയ്ഡന്‍ മാര്‍ക്രം(6), ഡൊണോവന്‍ ഫെരെയ്ര (0) എന്നിവര്‍ പുറത്തായി. മാര്‍ക്രമിനെയും ഫെരെയ്രയെയും പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് പ്രോട്ടീസിനെ പ്രതിരോധത്തിലാക്കിയത്. അതോടെ പ്രോട്ടീസ് 135-5 എന്ന നിലയിലേക്ക് വീണു.

ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ജേവിഡ് മില്ലര്‍ 18 റണ്‍സും ജാേര്‍ജ് ലിന്‍ഡെ 16 റണ്‍സുമെടുത്തും കൂടാരം കയറി. മാര്‍കോ യാന്‍സന്‍ 14 റണ്‍സുമെടുത്തു. ഒടുവില്‍ 200 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാലുവിക്കറ്റെടുത്തു. ബുംറ രണ്ട് വിക്കറ്റും അര്‍ഷദീപ് സിംഗ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

തിലക് വര്‍മയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. 16 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി തികച്ച പാണ്ഡ്യ 25 പന്തില്‍ നിന്ന് 63 റണ്‍സെടുത്താണ് പുറത്തായത്. ടി20 യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി തികച്ച രണ്ടാമത്തെ താരമായും പാണ്ഡ്യ മാറി.

അഞ്ചാമനായി ഇറങ്ങിയ താരം നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ചാണ് തുടങ്ങിയത്. പിന്നാലെ തലങ്ങും വിലങ്ങും പ്രോട്ടീസ് ബൗളര്‍മാരെ പ്രഹരിച്ചു. ജോര്‍ജ് ലിന്‍ഡെ എറിഞ്ഞ 14-ാം ഓവറില്‍ രണ്ട് വീതം ഫോറുകളും സിക്സറുകളും അടക്കം 20 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്. കോര്‍ബിന്‍ ബോഷ് എറിഞ്ഞ 17-ാം ഓവറില്‍ ഒരു ഫോറും രണ്ട് സിക്സറുമടിച്ച് താരം അര്‍ധസെഞ്ചുറി തികച്ചു. 16 പന്തില്‍ നിന്നാണ് ഫിഫ്റ്റി.

അതോടെ ടി20 യില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി തികച്ച രണ്ടാമത്തെ താരമായും പാണ്ഡ്യ മാറി. 12 പന്തില്‍ ഫിഫ്റ്റിയടിച്ച യുവരാജ് സിങ്ങാണ് ടി20യില്‍ ഇന്ത്യക്കായി അതിവേഗം അര്‍ധസെഞ്ചുറി നേടിയ താരം. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയാണ് യുവരാജിന്റെ പ്രകടനം. 17 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍. 18 പന്തില്‍ നിന്ന് ഫിഫ്റ്റിയടിച്ച കെ.എല്‍. രാഹുല്‍ പട്ടികയില്‍ നാലാമതും സൂര്യകുമാര്‍ യാദവ് അഞ്ചാമതുമാണ്.

42 പന്തില്‍ ഒരു സിക്സും 10 ഫോറുമടക്കം 73 റണ്‍സെടുത്ത തിലകാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ഓപ്പണര്‍മാരായ സഞ്ജു സാംസണും അഭിഷേക് ശര്‍മയും മികച്ച തുടക്കം നല്‍കി. ഈ വെടിക്കെട്ട് തുടക്കം പിന്നാലെ വന്ന തിലകും ഹാര്‍ദികും മുതലാക്കുകയായിരുന്നു. ഇരുവരും ഒന്നാം വിക്കറ്റില്‍ 5.4 ഓവറില്‍ 63 റണ്‍സാണ് അടിച്ചുകൂട്ടിയത്. 21 പന്തില്‍ 34 റണ്‍സെടുത്ത അഭിഷേകിനെ കോര്‍ബിന്‍ ബോഷ് പുറത്താക്കി.

പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തില്‍ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റണ്‍സെടുത്തു. ജോര്‍ജ് ലിന്‍ഡെയുടെ പന്തില്‍ ബൗള്‍ഡായാണ് താരം പുറത്തായത്. ഇന്ത്യന്‍ ടീമിന്‍ തനിക്ക് ചേരുന്ന റോള്‍ ഓപ്പണറുടേതാണെന്ന് തെളിയിക്കുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്.

നായകന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തില്‍ അഞ്ചു റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ തിലകിന്റെയും ഹാര്‍ദിക്കിന്റെയും വെടിക്കെട്ടായിരുന്നു. നാലാം വിക്കിറ്റില്‍ 105 റണ്‍സാണ് ഇരുവരും നേടിയത്. മൂന്നു പന്തില്‍ 10 റണ്‍സുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശര്‍മയും പുറത്താകാതെ നിന്നു. പ്രാട്ടീസിനായി കോര്‍ബിന്‍ ബോഷ് രണ്ടും ഒട്ടിനില്‍ ബാര്‍ട്ട്മാന്‍, ജോര്‍ജ് ലിന്‍ഡെ എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.