- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓള്‍റൗണ്ട് മികവുമായി ദീപ്തി ശര്‍മ; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം; ശ്രീലങ്കയെ പരാജയപ്പെടുത്തിയത് 59 റൺസിന്
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് പരാജയപ്പെടുത്തി. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 47 ഓവറിൽ 271 റൺസായിരുന്നു ശ്രീലങ്കയുടെ വിജയലക്ഷ്യം. മധ്യനിരയിൽ അമൻസ് ജ്യോത് കൗർ (57), ദീപ്തി ശർമ (53) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. എന്നാൽ, 45.4 ഓവറിൽ 211 റൺസ് മാത്രമാണ് ലങ്കയ്ക്ക് നേടാനായത്.
മഴ കാരണം 47 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഇന്ത്യയുടെ വിജയത്തിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശർമ്മയാണ് പ്രധാന പങ്ക് വഹിച്ചത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ഫോമിലുള്ള സ്മൃതി മന്ദാനയെ (8) നഷ്ടമായി. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച പ്രതിക റാവലും ഹര്‍ലീനും ചേര്‍ന്ന് 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നിന്ന് 37 റണ്‍സെടുത്ത പ്രതിക 20-ാം ഓവറില്‍ പുറത്തായി. ഒരു സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
തുടര്‍ന്ന് ഹര്‍ലീനും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ചേര്‍ന്ന് സ്‌കോര്‍ 120 വരെയെത്തിച്ചു. 64 പന്തില്‍ നിന്ന് 48 റണ്‍സെടുത്ത ഹര്‍ലീനെ ഇതിനിടെ ഇനോക രണവീര പുറത്താക്കി. തൊട്ടടുത്ത പന്തില്‍ ജെമീമ റോഡ്രിഗസും (0), അഞ്ചാം പന്തില്‍ ഹര്‍മന്‍പ്രീതും (19 പന്തില്‍ 21) പുറത്തായതോടെ ഇന്ത്യ വിറച്ചു. പിന്നാലെ റിച്ച ഘോഷും (2) മടങ്ങിയതോടെ ഇന്ത്യ ആറിന് 124 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും, ഏഴാം വിക്കറ്റിൽ ഒന്നിച്ച ദീപ്തി ശർമ്മയും അമൻജോത് കൗറും ചേർന്ന് നേടിയ 103 റൺസ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു.
ദീപ്തി 10 ഓവറിൽ 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവീതം വിക്കറ്റുകൾ നേടി. ശ്രീലങ്കൻ നിരയിൽ ക്യാപ്റ്റൻ ചമരി അത്തപത്തു (43), നീലാക്ഷിക ശിവ (35), ഹർഷിത സമരവിക്രമ (29) എന്നിവർക്ക് മാത്രമേ കാര്യമായി സംഭാവന നൽകാനായുള്ളൂ. ടോപ് സ്കോററായ അമൻജോത് കൗർ 56 പന്തിൽ 57 റൺസെടുത്തു. ഒരുഘട്ടത്തിൽ 27 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ദീപ്തി ശർമ്മയും അമൻജോത് കൗറും ചേർന്ന് ഏഴാം വിക്കറ്റിൽ നേടിയ 103 റൺസിന്റെ കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്.