ദുബായ് : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറില്‍ കിഴടക്കി ഫൈനലിലേക്ക് ഇന്ത്യയുടെ അപരാജിത കുതിപ്പ്. നിശ്ചിത 20 ഓവറില്‍ ഇരു ടീമുകളുടെയും സ്‌കോര്‍ തുല്യമായതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക് എത്തിയത്.സൂപര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 2 റണ്‍സ് എടുക്കുമ്പോഴേക്കും 2 വിക്കറ്റും നഷ്ടമായി.3 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയം കണ്ടു.

ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ലങ്ക 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണെടുത്തത്. ലങ്കയ്ക്കായി പതും നിസങ്ക സെഞ്ചുറിയോടെ തിളങ്ങി. ഞായറാഴ്ചയാണ് ഇന്ത്യ-പാക് ഫൈനല്‍.

203 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിന്റെ വിക്കറ്റ് നഷ്ടമായി. താരം ഡക്കായി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച പതും നിസങ്കയും കുശാല്‍ പെരേരയും തകര്‍ത്തടിച്ചു.പവര്‍പ്ലേയില്‍ വെടിക്കെട്ടോടെ ഇരുവരും നിറഞ്ഞുനിന്നു. ആറോവറില്‍ 72 റണ്‍സാണ് ലങ്കന്‍ ടീം അടിച്ചെടുത്തത്.




നിസങ്കയായിരുന്നു കൂടുതല്‍ അപകടകാരി. പിന്നാലെ കുശാല്‍ പെരേരയും അടിച്ചുകളിച്ചതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങലിലായി. നിസങ്കയാണ് ആദ്യം അര്‍ധസെഞ്ചുറി തികച്ചത്. 25 പന്തില്‍ നിന്നാണ് അമ്പതിലെത്തിയത്. വൈകാതെ കുശാല്‍ പെരേരയും അര്‍ധസെഞ്ചുറി തികച്ചു.അതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒമ്പതാം ഓവറില്‍ തന്നെ ലങ്ക നൂറുകടക്കുകയും ചെയ്തു. നായകന്‍ സൂര്യകുമാര്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഇരുവരും പിടികൊടുത്തില്ല.

പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലായിരുന്നു ശ്രീലങ്ക. 12 ഓവറിലാകട്ടെ ടീം 134 ലെത്തി. പിന്നാലെ കുശാല്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കിയത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ സമ്മാനിച്ചു. 32 പന്തില്‍ നിന്ന് 58 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. എന്നാല്‍ ചരിത് അസലങ്കയെ ഒരുവശത്തുനിര്‍ത്തി നിസങ്ക പടനയിച്ചു. 15 ഓവറില്‍ ലങ്ക 157-ലെത്തിയതോടെ സൂര്യകുമാറും സംഘവും അപകടം മണത്തു. ശേഷിക്കുന്ന അഞ്ചോവറില്‍ 46 റണ്‍സായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്.

അഞ്ച് റണ്‍സെടുത്ത അസലങ്കയെ കുല്‍ദീപ് യാദവും മൂന്ന് റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ അര്‍ഷ്ദീപ് സിങ്ങും പുറത്താക്കിയതോടെ ഇന്ത്യക്ക് ജയപ്രതീക്ഷ കൈവന്നു. എന്നാല്‍ ക്രീസില്‍ നിലയുറപ്പിച്ച നിസങ്ക സെഞ്ചുറി തികച്ച് തിരിച്ചടിച്ചു. 52 പന്തിലാണ് താരം മൂന്നക്കം തൊടുന്നത്. അവസാന രണ്ടോവറില്‍ 23 റണ്‍സാണ് ലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 11 റണ്‍സ് അടിച്ചെടുത്തതോടെ അവസാനഓവറിലെ ലക്ഷ്യം 12 റണ്‍സായി മാറി. ഓവറിലെ ആദ്യ പന്തില്‍ നിസങ്ക പുറത്തായത് ലങ്കയ്ക്ക് തിരിച്ചടിയായി. 58 പന്തില്‍ നിന്ന് 107 റണ്‍സെടുത്താണ് താരം മടങ്ങിയത്. എന്നാല്‍ ഷാനക സ്‌കോര്‍ കണ്ടെത്തിയതോടെ അവസാനപന്തില്‍ മൂന്ന് റണ്‍സായിരുന്നു വിജയലക്ഷ്യം. അവസാനപന്തില്‍ ഡബിളോടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നിളുകയായിരുന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (4) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. മഹീഷ് തീക്ഷണയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ഒരറ്റത്ത് സൂര്യയെ സാക്ഷി നിര്‍ത്തി അഭിഷേക് വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. പവര്‍ പ്ലേയില്‍ തന്നെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ സൂര്യ (12) ഏഴാം ഓവറില്‍ മടങ്ങി. ഹസരങ്കയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യ. വൈകാതെ അഭിഷേകും മടങ്ങി. ചരിത് അലങ്കയുടെ പന്തില്‍ കാമിന്ദു മെന്‍ഡിസിന് ക്യാച്ച്. രണ്ട് സിക്‌സും എട്ട് ഫോറും അഭിഷേക് നേടി.

പിന്നാലെ സഞ്ജു ക്രീസിലേക്ക്. നല്ല പന്തുകളെ സൂക്ഷ്മതയോടെ കളിച്ചും മോശം പന്തുകളെ അതിര്‍ത്തി കടത്തിയുമാണ് സഞ്ജു മുന്നോട്ട് പോയത്. മധ്യനിരയില്‍ സഞ്ജു - തിലക് സഖ്യം 66 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ വാനിന്ദു ഹസരങ്കയ്‌ക്കെതിരെ സഞ്ജു രണ്ട് സിക്‌സ് നേടുകയും ചെയ്തു. എന്നാല്‍ 16-ാം ഓവറില്‍ സഞ്ജു പുറത്തായി. ദസുന്‍ ഷനകയുടെ പന്തില്‍ അസലങ്കയ്ക്ക് ക്യാച്ച്. മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയും (2) മടങ്ങി. ദുഷ്മന്ത് ചമീരയ്ക്ക് റിട്ടേണ്‍ ക്യാച്ച്. എന്നാല്‍ തിലക് - അക്‌സര്‍ പട്ടേല്‍ (15 പന്തില്‍ 21) സഖ്യം സ്‌കോര്‍ 200 കടത്തി. ഇരുവരും പുറത്താവാതെ നിന്നു.