- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെടിക്കെട്ട് തുടക്കം നൽകി വൈഭവ് സൂര്യവൻഷി; തകർപ്പൻ സെഞ്ചുറിയുമായി മലയാളി താരം ആരോൺ ജോർജ്; അഫ്ഗാന്റെ ഫൈനൽ സ്വപ്നം തല്ലിക്കെടുത്തി ഇന്ത്യ; എട്ട് വിക്കറ്റിന്റെ ആധികാരിക ജയം

ഹരാരെ: അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്റെ തകർപ്പൻ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷി, ക്യാപ്റ്റൻ ആയുഷ് മാത്രെ എന്നിവരുടെ അർധസെഞ്ചുറികളുടെയും മികവിൽ 311 റൺസ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും എട്ട് വിക്കറ്റും ബാക്കി നിർത്തി മറികടന്നു. 95 പന്തിൽ സെഞ്ചുറി തികച്ച ആരോൺ ജോർജ് 104 പന്തിൽ 115 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായി.
15 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ആരോണിന്റെ ഇന്നിംഗ്സ്. വൈഭവ് സൂര്യവൻഷി 33 പന്തിൽ 68 റൺസ് നേടിയപ്പോൾ, നായകൻ ആയുഷ് മാത്രെ 59 പന്തിൽ 62 റൺസെടുത്ത് മികച്ച പിന്തുണ നൽകി. വിജയത്തിനരികെ ആരോൺ പുറത്തായപ്പോൾ, വൈഹാൻ മൽഹോത്ര (46 പന്തിൽ 38*), വേദാന്ത് ത്രിവേദി (4*) എന്നിവർ ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യ 41.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് നേടി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 310 റൺസ് നേടിയിരുന്നു. ഫൈസൽ ഷിനോസാദ 93 പന്തിൽ 110 റൺസും ഉസൈറുള്ള നിയാസി സെഞ്ചുറിയും നേടി അഫ്ഗാൻ ഇന്നിംഗ്സിന് കരുത്തായി. ഇന്ത്യൻ മറുപടി ബാറ്റിംഗിൽ വൈഭവവും ആരോൺ ജോർജും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ 9.3 ഓവറിൽ 90 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം വേർപിരിഞ്ഞത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
9 ബൗണ്ടറികളും 4 സിക്സറുകളും സഹിതമായിരുന്നു വൈഭവിന്റെ 68 റൺസ്. ആദ്യഘട്ടത്തിൽ വൈഭവിന്റെയും ആരോണിന്റെയും അനായാസ ക്യാച്ചുകൾ അഫ്ഗാൻ ഫീൽഡർമാർ നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായി. വൈഭവ് പുറത്തായ ശേഷം ക്രീസിലെത്തിയ ആയുഷ് മാത്രെ ആരോണിനൊപ്പം രണ്ടാം വിക്കറ്റിൽ 101 പന്തിൽ 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ വിജയപാത എളുപ്പമാക്കി. അഫ്ഗാനിസ്ഥാനായി ഒമർസായിയാണ് വിക്കറ്റുകൾ നേടിയത്.


