- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയയെ കരകയറ്റി ജാക്ക് എഡ്വേർഡ്സും ലിയാം സ്കോട്ടും; അവസാന ഏകദിനത്തിൽ ഇന്ത്യക്ക് 317 റണ്‍സ് വിജയലക്ഷ്യം; അര്‍ഷ്ദീപിനും ഹര്‍ഷിദിനും മൂന്ന് വിക്കറ്റ്
കാൺപൂർ: ഓസ്‌ട്രേലിയ എ ടീമിനെതിരായ അവസാന ഏകദിനത്തിൽ ഇന്ത്യ എക്ക് 317 റൺസ് വിജയലക്ഷ്യം. ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ്, ഒരവസരത്തിൽ നാലിന് 44 എന്ന നിലയിൽ തകർച്ച നേരിട്ടെങ്കിലും ക്യാപ്റ്റൻ ജാക്ക് എഡ്വേർഡ്‌സ് (80), ലിയാം സ്കോട്ട് (73), കൂപ്പർ കൊനോലി (64) എന്നിവരുടെ മികച്ച പ്രകടനങ്ങളുടെ പിൻബലത്തിൽ 300 റൺസ് കടക്കുകയായിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം നേടിയിട്ടുള്ളതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്.
ആദ്യ ഓവറുകളിൽ ഓസ്ട്രേലിയൻ ടീമിന് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. അർഷ്ദീപ് സിംഗ് എറിഞ്ഞ രണ്ടാം ഓവറിൽ ഓപ്പണർമാരായ മക്കെൻസി ഹാർവി (7), ജേക്ക് ഫ്രേസർ മക്ഗൂർക് (5) എന്നിവരെ പുറത്താക്കി. തുടർന്ന് ഹർഷിത് റാണയും കളിയിലേക്ക് തിരിച്ചെത്തി. ഹാരി ഡിക്‌സൺ (1), ലാച്‌ലാൻ ഹിയേൺ (16) എന്നിവരെ റാണ മടക്കിയയച്ചതോടെ ഓസീസ് എട്ട് ഓവറിൽ നാലിന് 44 എന്ന നിലയിലേക്ക് വീണു.
തുടർന്ന് ക്രീസിലെത്തിയ കൊനോലിയും ലാച്‌ലാൻ ഷോയും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ നിശാന്ത് സിന്ധു എറിഞ്ഞ പന്തിൽ ഷോ പുറത്തായതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. തുടർന്ന് കൊനോലിയും ബദോനിയുടെ പന്തിൽ പുറത്തായതോടെ ഓസീസ് ആറിന് 135 എന്ന നിലയിലായി. ഈ ഘട്ടത്തിൽ ഓസീസിനെ 200 റൺസിനുള്ളിൽ ഒതുക്കാമെന്ന് ഇന്ത്യ പ്രതീക്ഷിച്ചെങ്കിലും, ലിയാം സ്കോട്ട്-ജാക്ക് എഡ്വേർഡ്‌സ് കൂട്ടുകെട്ട് പ്രതീക്ഷകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് 152 റൺസ് കൂട്ടിച്ചേർത്തു. 42-ാം ഓവർ വരെ നീണ്ടുനിന്ന ഈ കൂട്ടുകെട്ട് ഓസ്ട്രേലിയൻ സ്കോർ 287-ൽ എത്തിച്ചു. ബദോനി സ്കോട്ടിനെ പുറത്താക്കുകയായിരുന്നു.
തുടർന്നെത്തിയ ടോഡ് മർഫിക്ക് (2) തിളങ്ങാനായില്ല. ക്യാപ്റ്റൻ എഡ്വേർഡ്‌സ് 45-ാം ഓവറിൽ പുറത്തായതോടെ ഓസ്ട്രേലിയയുടെ ഇന്നിംഗ്‌സിന് വേഗത കുറഞ്ഞു. എങ്കിലും തൻവീർ സംഗ (12), ടോം സ്‌ട്രേക്കർ (പുറത്താവാതെ 6) എന്നിവർ ചേർന്ന് സ്കോർ 300 കടത്തി. ഇന്ത്യക്ക് വേണ്ടി അർഷ്ദീപ് സിംഗും ഹർഷിത് റാണയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ആയുഷ് ബദോനി രണ്ട് വിക്കറ്റുകൾ നേടി.