ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ തോൽവി. 408 റൺസിനാണ് ആതിഥേയരെ തകർത്ത് ദക്ഷിണാഫ്രിക്ക ചരിത്രവിജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0 ന് ദക്ഷിണാഫ്രിക്ക നേടി. 25 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. 549 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് അഞ്ചാം ദിനം ചായയ്ക്ക് പിരിഞ്ഞതിന് പിന്നാലെ 140 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി.

രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ബാറ്റിംഗ് നിര പൂർണ്ണമായും തകർന്നടിയുന്ന കാഴ്ചയാണ് ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിൽ കണ്ടത്. കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് നാലാം ദിനം തന്നെ ഓപ്പണർമാരായ യശസ്വി ജയ്സ്വാളിന്റെയും കെ എൽ രാഹുലിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. അഞ്ചാം ദിനം 27/2 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. യുവതാരങ്ങളായ സായ് സുദർശൻ (14), ധ്രുവ് ജുറേൽ (2), നായകൻ ഋഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (16) എന്നിവർക്ക് മാർക്കോ യാൻസൻ, സൈമൺ ഹാർമർ എന്നിവരുടെ ബൗളിങ്ങിന് മുന്നിൽ അടിപതറി.

രണ്ടാം ഇന്നിംഗ്‌സിലെ ഇന്ത്യയുടെ ടോപ് സ്കോറർ 23 റൺസെടുത്ത രവീന്ദ്ര ജഡേജയാണ്. മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സെനുരാന്‍ മുത്തുസാമിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് പേര്‍ മാത്രം രണ്ടാം ഇന്നിംഗ്സില്‍ രണ്ടക്കം കടന്നത്. ആദ്യ ഇന്നിംഗ്സിൽ 489 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക, ഇന്ത്യയെ 201 റൺസിന് പുറത്താക്കി 288 റൺസിന്റെ വലിയ ലീഡ് സ്വന്തമാക്കിയിരുന്നു. പേസർ സൈമൺ ഹാർമറിന്റെ 6 വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് തകർത്തത്. തുടർന്ന്, രണ്ടാം ഇന്നിംഗ്സ് 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസിന് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് മുന്നിൽ 549 റൺസിന്റെ വിജയലക്ഷ്യം വെക്കുകയായിരുന്നു.

മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എയ്ഡൻ മാർക്രം, ഒരു ടെസ്റ്റ് മത്സരത്തിൽ ഒൻപത് ക്യാച്ചുകൾ എന്ന ലോക റെക്കോർഡും സ്വന്തമാക്കി. സ്വന്തം മണ്ണിൽ, യുവനിരയുമായി ഇറങ്ങിയ ഇന്ത്യക്ക് ഈ പരമ്പര തോൽവി വലിയ തിരിച്ചടിയാണ്. പരിശീലകൻ ഗൗതം ഗംഭീറിനെതിരെയും ടീം സെലക്ഷനെതിരെയും ആരാധകരുടെ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തില്‍ രണ്ടാമത്തെ മാത്രം വൈറ്റാവാഷ് ആണിത്.