റായ്പൂർ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് റായ്പൂരിൽ. ഉച്ചയ്ക്ക് 1.30-ന് ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ഏകദിനത്തിലെ വിജയത്തോടെ 1-0ന് പരമ്പരയിൽ മുന്നിട്ടുനിൽക്കുന്ന ഇന്ത്യ, ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിടുമ്പോൾ, ദക്ഷിണാഫ്രിക്ക പരമ്പര സമനിലയിലാക്കാനാണ് ശ്രമിക്കുക. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.

റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ 17 റൺസിനാണ് ഇന്ത്യ വിജയിച്ചത്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയും രോഹിത് ശർമ്മയുടെ അർധ സെഞ്ച്വറിയും ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ, നാലാം നമ്പറിൽ ആരെ ഇറക്കണമെന്നത് ഇന്ത്യൻ ടീമിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 8 റൺസ് മാത്രം നേടിയ ഋതുരാജ് ഗെയ്‌ക്‌വാദിന് പകരം തിലക് വർമ്മയോ ഋഷഭ് പന്തോ ടീമിലെത്തിയേക്കാം. ഓൾറൗണ്ടർ സ്ഥാനത്ത് വാഷിങ്ടൺ സുന്ദറിന് പകരം യുവതാരം നിതീഷ് കുമാർ റെഡ്ഡിക്കും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

അതേസമയം, ആദ്യ മത്സരത്തിലെ തോൽവി മറികടന്ന് പരമ്പരയിൽ ശക്തമായി തിരിച്ചുവരാനാണ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നത്. അസുഖത്തെ തുടർന്ന് റാഞ്ചിയിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ടെംബ ബാവുമ ഇന്ന് ടീമിൽ തിരിച്ചെത്തും. ഇത് പ്രോട്ടീസ് ബാറ്റിങ് നിരയ്ക്ക് വലിയ ആത്മവിശ്വാസം നൽകും. ആദ്യ മത്സരത്തിൽ നിറംമങ്ങിയ സ്പിന്നർ പ്രനെലൻ സുബ്രായന് പകരം കേശവ് മഹാരാജും ടീമിലെത്തിയേക്കാമെന്നും സൂചനയുണ്ട്.

ആദ്യ ഏകദിനത്തിലെ വിജയത്തിന് തൊട്ടുപിന്നാലെ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടായെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ക്യാമ്പിന് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ബിസിസിഐ തന്നെ ചർച്ചകൾക്ക് മുൻകൈയെടുക്കുമെന്നും വാർത്തകൾ പുറത്തുവന്നു. പരമ്പര വിജയത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം ടീമിനകത്തെ ഈ പിണക്കങ്ങൾ പരിഹരിക്കുക എന്നത് രണ്ടാം ഏകദിനത്തിനു മുൻപ് ഇന്ത്യൻ ടീം മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

ബാറ്റിങ് ഓർഡറിൽ നാലാം നമ്പറിൽ ആര് കളിക്കുമെന്ന കാര്യത്തിലും ടീം മാനേജ്മെന്റിന് തീരുമാനമെടുക്കേണ്ടതുണ്ട്. കഴിഞ്ഞ മത്സരത്തിൽ 14 പന്തിൽ 8 റൺസ് മാത്രം നേടിയ ഋതുരാജ് ഗെയ്ക്‌വാദിന് ഒരു അവസരം കൂടി നൽകണോ എന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ഋതുരാജിനെ മാറ്റാൻ തീരുമാനിച്ചാൽ തിലക് വർമ്മയ്‌ക്കോ ഋഷഭ് പന്തിനോ നാലാം നമ്പറിൽ നറുക്കുവീഴാൻ സാധ്യതയുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്/റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, കെഎൽ രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ.