തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യൻ വനിതാ ടീം 5-0ന് തൂത്തുവാരി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തി. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. അരുന്ധതി റെഡ്ഡി, അമൻജോത് കൗർ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റിൽ വീഴ്ത്തി.

ഹസിനി പെരേരയുടെയും ഇമേഷ ദുലാനിയുടെയും അർദ്ധസെഞ്ച്വറികൾ നേടി പൊരുതിയെങ്കിലും ശ്രീലങ്കയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ അർദ്ധസെഞ്ച്വറിയുടെ (68) ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോർ നേടിയത്.. 43 പന്തിൽ നിന്ന് ഒമ്പത് ഫോറുകളും ഒരു സിക്സറുമടക്കം 68 റൺസെടുത്ത ഹർമൻപ്രീത്, ടീമിന് മികച്ച ടോട്ടൽ സമ്മാനിച്ചു. 18-ാം ഓവറിലാണ് ഹർമൻപ്രീത് പുറത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽത്തന്നെ വിക്കറ്റുകൾ നഷ്ടമായി. സ്‌കോർ അഞ്ചിൽ നിൽക്കേ ഷെഫാലി വർമ (5) പുറത്തായി. ഓപ്പണർ ജി കമാലിനി 12 റൺസും, വൺ ഡൗണായി ഇറങ്ങിയ ഹർലീൻ ഡിയോൾ 13 റൺസും നേടി പുറത്തായതോടെ ഇന്ത്യ 41-3 എന്ന നിലയിലായി. റിച്ചാ ഘോഷ് (5), ദീപ്തി ശർമ (7) എന്നിവരും നിരാശപ്പെടുത്തി. എന്നാൽ ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ശ്രദ്ധയോടെ ബാറ്റ് വീശി. അമൻജോത് കൗറുമായി (21) ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടുകെട്ട് പടുത്തുയർത്തി ഹർമൻപ്രീത് ടീമിനെ നൂറ് കടത്തി. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡി 11 പന്തിൽ നിന്ന് 27 റൺസ് നേടി സ്കോർ 175-ൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.