അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ജീവൻമരണ പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ്. നിർണ്ണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ടോസ് നേടിയ സിംബാബ്‌വെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടമായെങ്കിലും ബാറ്റിംഗ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വലിയ സ്കോർ പടുത്തുയർത്തുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി.

സഞ്ജു സാംസൺ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തി. മധ്യനിരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന റിങ്കു സിംഗിന് പകരമാണ് സഞ്ജു ഇടംപിടിച്ചത്. വിക്കറ്റ് കീപ്പർ ബാറ്ററായാകും സഞ്ജു ഇന്ന് കളിക്കുക. റിങ്കുവിനൊപ്പം സ്പിന്നർ വാഷിംഗ്ടൺ സുന്ദറും പുറത്തായി. പകരം വൈസ് ക്യാപ്റ്റൻ അക്സർ പട്ടേൽ ടീമിൽ തിരിച്ചെത്തി. അഹമ്മദാബാദിലെ പിച്ചിൽ അക്സറിന്റെ സേവനം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് മാനേജ്‌മെന്റ്.

തുടർച്ചയായ പരാജയങ്ങൾക്കിടയിലും ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് ടീം മാനേജ്‌മെന്റ് വീണ്ടും അവസരം നൽകി. ടൂർണമെന്റിൽ ഇതുവരെ തിളങ്ങാൻ കഴിയാത്ത അഭിഷേകിന് (0, 0, 0, 15) ഇന്നത്തെ മത്സരം നിർണ്ണായകമാണ്. അഭിഷേകും സഞ്ജുവും ഇഷാൻ കിഷനും അടങ്ങുന്ന വൻ താരനിരയെയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ അണിനിരത്തുന്നത്.

ടോസിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: "ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാൻ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നത്. താരങ്ങളെല്ലാം പൂർണ്ണ സജ്ജരാണ്. ടീം ക്യാമ്പിലെ സാഹചര്യം വളരെ ശാന്തമാണ്. ഹാർദിക് പാണ്ഡ്യ ടീമിന് നൽകുന്ന ഉപദേശങ്ങൾ വളരെ വലുതാണ്. ഒരു സീനിയർ താരം എന്ന നിലയിൽ ടീമിന് എന്താണ് വേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. ഇന്ന് ഞങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഓരോ വിജയത്തിൽ നിന്നും പരാജയത്തിൽ നിന്നും നമുക്ക് പുതിയ കാര്യങ്ങൾ പഠിക്കാനുണ്ട്. കഴിഞ്ഞ മത്സരത്തിൽ എന്ത് സംഭവിച്ചു എന്നത് മറക്കുക. കഴിഞ്ഞ ഒരു വർഷമായി നമ്മൾ എങ്ങനെയാണോ കളിക്കുന്നത്, അതേ രീതിയിൽ തന്നെ ഇന്നും തുടരുക. ഭയമില്ലാതെ, കളി ആസ്വദിക്കുക. മറ്റ് കാര്യങ്ങളെല്ലാം വിട്ടുകളയുക. ടീമിൽ രണ്ട് മാറ്റങ്ങളാണുള്ളത്: വാഷിംഗ്ടൺ സുന്ദറിന് പകരം അക്സർ പട്ടേലും, റിങ്കു സിംഗിന് പകരം സഞ്ജു സാംസണും ടീമിലെത്തി. സഞ്ജു സാംസൺ ആയിരിക്കും ഇന്ന് വിക്കറ്റ് കീപ്പർ." എന്നും താരം കൂട്ടിച്ചേർത്തു.

സൂപ്പർ 8 ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്ക വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായിട്ടുണ്ട്. ഇന്ന് സിംബാബ്‌വെയെയും ഞായറാഴ്ച വെസ്റ്റ് ഇൻഡീസിനെയും പരാജയപ്പെടുത്തിയാൽ റൺറേറ്റ് നോക്കാതെ തന്നെ ഇന്ത്യയ്ക്ക് സെമിയിൽ കടക്കാം.

ഇന്ത്യൻ ടീം: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, അർഷ്ദീപ് സിംഗ്, വരുൺ സി.വി, ജസ്പ്രീത് ബുമ്ര.

സിംബാബ്‌വെ ടീം: തദിവനാഷെ മരുമാനി, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മയേഴ്സ്, റയാൻ ബേൾ, സിക്കന്ദർ റാസ (ക്യാപ്റ്റൻ), ടോണി മുനിയോംഗ, താഷിംഗ മുസേകിവ, ബ്രാഡ് ഇവാൻസ്, ടിനോട്ടേണ്ട മാപോസ, ബ്ലെസിംഗ് മുസരബാനി, റിച്ചാർഡ് നഗരാവ.