ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. നാലാംദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്. ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യ ഇനി 79 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. 10 റണ്‍സെടുത്ത രോഹിതിനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 139 പന്ത് നേരിട്ട രാഹുല്‍ എട്ടു ബൗണ്ടറികളോടെ 84 റണ്‍സെടുത്തു. ലിയോണ്‍ ആണ് രാഹുലിനെ പുറത്താക്കിയത്.

രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നല്‍കിയശേഷമാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 10 റണ്‍സെടുത്ത രോഹിത്തിനെ കമിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്സ് കാരി പിടികൂടി. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തിയത്. 52 റണ്‍സുമായി രവീന്ദ്ര ജഡേജയും 9 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്.