തിരുവനന്തപുരം: തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ ഇറങ്ങുമ്പോൾ, പ്ലേയിങ് ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് സൂചന. വിശാഖപട്ടണത്ത് നടന്ന നാലാം ടി20യിൽ 50 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ, ടീമിൽ അഴിച്ചുപണിക്ക് സാധ്യതയേറുകയാണ്. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ സ്വന്തം തട്ടകത്തിൽ കളത്തിലിറങ്ങുമോ എന്ന ആകാംഷയിലാണ് ആരാധകർ.

നേരിയ പരിക്കുമൂലം നാലാം ടി20യിൽ നിന്ന് വിശ്രമം അനുവദിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ അഞ്ചാം മത്സരത്തിൽ ടീമിൽ തിരിച്ചെത്തിയേക്കും. ഇഷാൻ കിഷൻ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ, നാലാം ടി20യിൽ ഗോൾഡൻ ഡക്കായ അഭിഷേക് ശർമ്മക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഇഷാൻ കിഷൻ സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ഇറങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് കാണാൻ കാത്തിരിക്കുന്ന മലയാളി ആരാധകർക്ക് ഇത് നിരാശ നൽകിയേക്കാം.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒരു ഗോൾഡൻ ഡക്കടക്കം 16 റൺസ് മാത്രമെടുത്ത സഞ്ജു, നാലാം ടി20യിൽ 15 പന്തിൽ 24 റൺസടിച്ച് മികച്ച തുടക്കമിട്ടെങ്കിലും വലിയ സ്കോർ നേടാനാകാത്തതും പുറത്തായ രീതിയും വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നിരുന്നാലും, വലിയ ആരാധക പിന്തുണയുള്ള സഞ്ജുവിനെ ഹോം ഗ്രൗണ്ടിൽ പുറത്തിരുത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

നാലാം മത്സരത്തിൽ ബൗൾ ചെയ്യാതിരിക്കുകയും ബാറ്റിംഗിൽ 5 പന്തിൽ 2 റൺസെടുത്ത് നിരാശപ്പെടുത്തുകയും ചെയ്ത ഹാർദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചേക്കാം. പരിക്കുമാറി അക്‌സർ പട്ടേൽ തിരിച്ചെത്തിയാൽ ഹാർദ്ദിക്കിന് പകരം ടീമിലെത്താൻ സാധ്യതയുണ്ട്. ബാറ്റിംഗിലും ബൗളിംഗിലും നിറം മങ്ങിയ പേസർ ഹർഷിത് റാണയ്ക്ക് വിശ്രമം നൽകാൻ സാധ്യതയുണ്ട്.