- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്പിന്നിൽ കുരുങ്ങി ചീട്ടുകൊട്ടാരമായി ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര; 100 റൺസ് വിജയലക്ഷ്യം അനായാസം മറികടന്ന് ഇന്ത്യ; കരുത്തറിയിച്ച് ശുഭ്മാൻ ഗിൽ; ഏഴ് വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ധവാനും സംഘവും
ന്യൂഡൽഹി: ദക്ഷിണാഫ്രിക്ക് എതിരായ മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം തുടർച്ചയായി രണ്ട് ഏകദിനങ്ങളിലും വിജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ട്വന്റി 20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ 2-1ന് സ്വന്തമാക്കി.
നിർണായക മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ 99 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം അടിച്ചെടുത്തു. സ്കോർ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99ന് ഓൾ ഔട്ട്, ഇന്ത്യ 19.1 ഓവറിൽ 105-3.
വെറും 99 റൺസിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയ ഇന്ത്യൻ ബൗളർമാരാണ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. 49 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മികച്ച പ്രകടനം പുറത്തെടുത്തു.നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ 99 റൺസിൽ തളച്ചത്. മറുപടി ബാറ്റിംഗിൽ ക്യാപ്റ്റൻ ശിഖർ ധവാനെ(8) തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലേക്ക് നയിച്ചു.
വിജയത്തിനും അർധസെഞ്ചുറിക്കും അരികെ ശുഭ്മാൻ ഗിൽ(49) വീണെങ്കിലും സഞ്ജു സാംസണും(2*) ശ്രേയസ് അയ്യരും(28*) ചേർന്ന് ഇന്ത്യയെ വിജയവര കടത്തി. ധവാനും ഗില്ലിനും പുറമെ ഇഷാൻ കിഷന്റെ(10) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 57 പന്തിൽ 49 റൺസെടുത്ത ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് 23 പന്തിൽ 28 റൺസുമായും സഞ്ജു നാലു പന്തിൽ രണ്ട് റൺസുമായും പുറത്താകാതെ നിന്നു.
അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഓപ്പണർ സ്ഥാനം ലക്ഷ്യമിടുന്ന ക്യാപ്റ്റൻ ശിഖർ ധവാൻ തുടർച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. എട്ടു റൺസെടുത്ത ധവാൻ ഏഴാം ഓവറിൽ റണ്ണൗട്ടായി. ഇഷാൻ കിഷനും ക്രീസിൽ അധികനേരം പിടിച്ചു നിൽക്കാനായില്ല. 18 പന്തിൽ 10 റൺസെടുത്ത കിഷനെ ഫോർട്യുൺ പുറത്താക്കി.
എന്നാൽ കഴിഞ്ഞ മത്സരത്തിലെ മിന്നും ഫോം തുടർന്ന ശ്രേയസ് അയ്യരും ആദ്യ രണ്ട് കളിയിലെ നിരാശ മായ്ക്കുന്ന പ്രകടനവുമായി ശുഭ്മാൻ ഗില്ലും ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. വിജയത്തിന് തൊട്ടരികെ ഗിൽ(49) മടങ്ങിയശേഷം ക്രീസിലെത്തിയ സഞ്ജുവിന് ഒരിക്കൽ കൂടി ഫിനിഷ് ചെയ്യാൻ അവസരം ലഭിച്ചെങ്കിലും നാലു പന്തുകളിൽ രണ്ട് റൺസ് നേടി സഞ്ജു ഫിനിഷിങ് ചുമതല ശ്രേയസിനെ ഏൽപ്പിച്ചു. മാർക്കോ ജാൻസണെ സിക്സടിച്ച് ശ്രേയസ് ഇന്ത്യൻ വിജയം പൂർത്തിയാക്കി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഇമാദ് ഫോർട്യൂയിനും ലുങ്കി എൻഗിഡിയും ഓരോ വിക്കറ്റ് വീതം നേടി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ 27.1 ഓവറിൽ 99 റൺസിന് ഓൾ ഔട്ടാക്കി. 34 റൺസെടുത്ത ഹെയ്ന്റിച്ച് ക്ലാസനാണ് ടീമിന്റെ ടോപ്സ്കോറർ. ദക്ഷിണാഫ്രിക്കൻ ടീമിൽ വെറും മൂന്നുപേർമാത്രമാണ് രണ്ടക്കം കണ്ടത്. സ്പിന്നർമാരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തന്നെ തിരിച്ചടി നേരിട്ടു. ടീം സ്കോർ ഏഴുറൺസിൽ നിൽക്കെ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ വാഷിങ്ടൺ സുന്ദർ പുറത്താക്കി. 10 പന്തിൽ ആറുറൺസെടുത്ത ഡി കോക്കിനെ സുന്ദർ ആവേശ് ഖാന്റെ കൈയിലെത്തിച്ചു. പിന്നാലെ മറ്റൊരു ഓപ്പണറായ ജാന്നേമാൻ മലാനും പുറത്തായി. 15 റൺസെടുത്ത മലാനെ മുഹമ്മദ് സിറാജ് ആവേശ് ഖാന്റെ കൈയിലെത്തിച്ചു. സിറാജിന്റെ ഷോർട്ട് പിച്ച് ബോൾ നേരിടുന്നതിൽ താരം പിഴവുവരുത്തി.
പിന്നാലെ വന്ന റീസ ഹെൻഡ്രിക്സും (3) എയ്ഡൻ മാർക്രവും (9) അപകടകാരിയായ ഡേവിഡ് മില്ലറും (7) ആൻഡിൽ ഫെലുക്വായോയും (5) നിലയുറപ്പിക്കുംമുൻപ് പുറത്തായതോടെ ദക്ഷിണാഫ്രിക്ക വലിയ തകർച്ചയിലേക്ക് വീണു. വെറും 71 റൺസെടുക്കുന്നതിനിടെ ആറുവിക്കറ്റുകൾ നിലംപൊത്തി.
ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് ഹെന്റിച്ച് ക്ലാസൻ പിടിച്ചുനിന്നു. മികച്ച ഷോട്ടുകളുമായി താരം കളം നിറഞ്ഞു. എന്നാൽ ക്ലാസനും ടീമിനെ രക്ഷിക്കാനായില്ല. 41 പന്തുകളിൽ നിന്ന് നാല് ബൗണ്ടറിയടക്കം 34 റൺസെടുത്ത ക്ലാസനെ ഷഹബാസ് അഹമ്മദ് ക്ലീൻ ബൗൾഡാക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 93 റൺസിന് ഏഴുവിക്കറ്റ് എന്ന സ്കോറിലേക്ക് കൂപ്പുകുത്തി.
പിന്നാട് വന്ന ഇമാദ് ഫോർട്യൂയിനെയും (1) ആന്റിച്ച് നോർക്യെയെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി കുൽദീപ് യാദവ് ദക്ഷിണാഫ്രിക്കയെ തകർത്തു. ടീം സ്കോർ 99-ൽ നിൽക്കേ അവസാന പ്രതീക്ഷയായിരുന്ന മാർക്കോ യാൻസണെയും വീഴ്ത്തി കുൽദീപ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. യാൻസൺ 14 റൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാലോവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റെടുത്തു. വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി
സ്പോർട്സ് ഡെസ്ക്