ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട നിലയിൽ. ഗുവാഹത്തിയിലെ ബർസപ്പാറ സ്റ്റേഡിയത്തിലെ ആദ്യ ദിനം അവസാനിപ്പിക്കുമ്പോൾ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എന്ന ഭേദപ്പെട്ട നിലയിലാണ്. സെനുരന്‍ മുത്തുസാമി (25), കെയ്ല്‍ വെറെയ്‌നെ (1) എന്നിവരാണ് ക്രീസില്‍. വെളിച്ചക്കുറവ് കാരണം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് പരമ്പര സമനിലയിലാക്കാൻ ഈ മത്സരം ജയിച്ചേ മതിയാകൂ. ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത് സ്പിന്നർ കുൽദീപ് യാദവാണ്. 48 റൺസ് മാത്രം വഴങ്ങി കുൽദീപ് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി. പേസർമാരായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റുകൾ വീതം നേടി. 9 റണ്‍സ് നേടിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.

സന്ദർശകർക്ക് വേണ്ടി ഓപ്പണർമാരായ എയ്ഡൻ മാർക്രവും റിയാൻ റിക്കിൾട്ടണും ചേർന്ന് 82 റൺസിന്റെ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ 38 റൺസെടുത്ത മാർക്രത്തെ ബുംറ ക്ലീൻ ബൗൾഡാക്കി ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. അധികം വൈകാതെ 35 റൺസെടുത്ത റിക്കിൾട്ടനെ കുൽദീപ് യാദവ് മടക്കി. പിന്നീട് ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ടെംബ ബാവുമയും ട്രിസ്റ്റൺ സ്റ്റബ്സും ചേർന്ന് മൂന്നാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്ത് പ്രോട്ടീസിനെ സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചു. 49 റൺസെടുത്ത് അർദ്ധ സെഞ്ച്വറിക്ക് തൊട്ടടുത്ത് വെച്ച് സ്റ്റബ്സിനെ കുൽദീപ് വീണ്ടും മടക്കി. 41 റൺസ് നേടിയ ബാവുമയെ രവീന്ദ്ര ജഡേജ പുറത്താക്കി.

തുടര്‍ന്നെത്തിയ വിയാന്‍ മള്‍ഡര്‍ക്ക് ക്യാച്ച് തിളങ്ങാനായില്ല. 13 റണ്‍സെടുത്ത മള്‍ഡറെ കുല്‍ദീപ് യശസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. ഒന്നാം ദിനം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് ടോണി ഡി സോര്‍സിയുടെ (28) വിക്കറ്റ് നഷ്ടമായതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് സോര്‍സി മടങ്ങിയത്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ സെനുരൻ മുത്തുസാമിയും കൈൽ വെറെയ്നെയുമാണ് ക്രീസിൽ. പരിക്കേറ്റ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പകരം വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.

ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഇറങ്ങിയത്.പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ അക്‌സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിലെത്തി. ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.