- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുമ്രയ്ക്കും അക്സറിനും വിശ്രമം; സഞ്ജുവിന് ഇന്നും ഇടമില്ല; ടോസ് നഷ്ടപ്പെട്ട ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഇന്ത്യൻ പേസർമാർ; ആദ്യ പവർപ്ലെയിൽ കൂടാരത്തിലെത്തിയത് മൂന്ന് ബാറ്റർമാർ
ധർമ്മശാല: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി 20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കം. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ പേസർമാർ കാഴ്ചവെച്ചത്. ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ മുൻനിര ഇന്ത്യൻ യുവ പേസർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു. യുവ പേസർമാരായ അർഷ്ദീപ് സിങ്ങും ഹർഷിത് റാണയുമാണ് പ്രോട്ടീസിനെ ഞെട്ടിച്ച് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വാരിക്കൂട്ടിയത്.
ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ തന്നെ അർഷ്ദീപ് സിങ് ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ (0) വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൊട്ടടുത്ത ഓവറിൽ യുവതാരം ഹർഷിത് റാണ ക്വിന്റൺ ഡി കോക്കിനെ (1) മടക്കി അയച്ചു. തന്റെ അടുത്ത ഓവറിൽ, ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് പ്രതീക്ഷയായ ഡെവാൾഡ് ബ്രെവിസിനെയും (2) റാണ പുറത്താക്കിയതോടെ പ്രോട്ടീസ് ബാറ്റിങ് നിര സമ്മർദ്ദത്തിലായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 5.5 ഓവറിൽ 24/3 എന്ന നിലയിലാണ്. ട്രസ്റ്റിറ്റൻ സ്റ്റബ്‌സും (5) ഐഡൻ മാർക്രം (17) എന്നിവരാണ് ക്രീസിൽ.
ഇരുടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമുള്ളതിനാൽ പരമ്പരയിൽ ലീഡ് നേടാൻ ഈ മത്സരം ഇരുവർക്കും നിർണ്ണായകമാണ്. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങളുണ്ടായപ്പോൾ, സഞ്ജു സാംസണിന് തുടർച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. ഇന്ത്യൻ നിരയിൽ ജസ്പ്രിത് ബുമ്രയ്ക്കും അക്‌സർ പട്ടേലിനും വിശ്രമം അനുവദിച്ചു. ഇവർക്ക് പകരം ഹർഷിത് റാണയും കുൽദീപ് യാദവും പ്ലേയിംഗ് ഇലവനിൽ ഇടംനേടി. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളാണുള്ളത്. ഡേവിഡ് മില്ലർ, ജോർജ് ലിൻഡെ, ലുതോ സിംപാല എന്നിവർക്ക് പകരം കോർബിൻ ബോഷ്, ആൻറിച്ച് നോർജെ, ട്രിസ്റ്റൺ സ്റ്റബ്‌സ് എന്നിവർ ടീമിൽ തിരിച്ചെത്തി.
കഴിഞ്ഞ ദിവസം മുല്ലാൻപൂരിൽ നടന്ന രണ്ടാം ടി20 മത്സരത്തിൽ 51 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടത് അത്യാവശ്യമാണ്. ആ മത്സരത്തിലും സൂര്യകുമാർ യാദവ് ടോസ് നേടി ആദ്യം ബൗൾ ചെയ്യാനാണ് തീരുമാനിച്ചത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും സമീപകാലത്തെ മോശം ബാറ്റിംഗ് ഫോം ടീമിന്റെ പ്രധാന ആശങ്കയായി തുടരുന്നുണ്ട്.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ:
അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവൻ:
റീസ ഹെൻഡ്രിക്സ്, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), ഐഡൻ മാർക്രം (ക്യാപ്റ്റൻ), ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡോണോവൻ ഫെരേര, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ആൻറിച്ച് നോർജെ, ലുങ്കി എൻഗിഡി, ഒട്ട്നീൽ ബാർട്ട്മാൻ.




