പല്ലെക്കലെ: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സമ്പൂര്‍ണ വിജയം തേടി ടീം ഇന്ത്യ. രണ്ട് മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് പരമ്പര ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. മൂന്നാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തൂവരനാണ് ലോകചാമ്പ്യന്‍മാര്‍ ഇറങ്ങുന്നത്.

ആദ്യ മത്സരം 43 റണ്‍സിനും രണ്ടാം മത്സരം 7 വിക്കറ്റിനുമാണ് സൂര്യകുമാര്‍ യാദവും സംഘവും ജയിച്ചത്. സമ്പൂര്‍ണ വിജയത്തോടൊപ്പം റിസര്‍വ് താരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ ശ്രമിച്ചേക്കും. മത്സരം രാത്രി 7 മുതല്‍ സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.

രണ്ടാം മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിനു പകരം സഞ്ജു സാംസണെ ഓപ്പണറായി ഇറക്കി പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ പരീക്ഷണം പാളിയിരുന്നു. മൂന്നാം ട്വന്റി20യില്‍ ഗില്‍ തിരിച്ചെത്തിയാല്‍ സഞ്ജുവിന് വീണ്ടും അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. ആദ്യ മത്സരത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ റിയാന്‍ പരാഗിനും റിങ്കു സിങ്ങിനും ഒരു അവസരം കൂടി ലഭിച്ചേക്കും.

ബോളിങ്ങില്‍ കാര്യമായ പരീക്ഷണത്തിനു ഗംഭീര്‍ മുതിര്‍ന്നേക്കില്ല. എന്നാല്‍ വാഷിങ്ടന്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ശിവം ദുബെ തുടങ്ങിയവര്‍ക്ക് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെയുള്ളവര്‍ക്കു വിശ്രമം അനുവദിച്ചേക്കും.

അക്‌സര്‍ പട്ടേലിന് പകരം വാഷിങ്ടണ്‍ സുന്ദറും, അര്‍ഷ്ദീപ് സിങ്ങിന് പകരം ഖലീല്‍ അഹമ്മദും മൂന്നാം മത്സരത്തില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്ക് പാണ്ഡ്യക്കും ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ്‌നാണ് മത്സരം ആരംഭിക്കുക.

മറുവശത്ത് ആദ്യ 2 മത്സരങ്ങളിലും നന്നായിത്തുടങ്ങിയ ബാറ്റിങ് നിര, അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞതു ലങ്കയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ബോളിങ്ങില്‍ സ്പിന്നര്‍മാര്‍ നിറം മങ്ങുന്നതും ആതിഥേയര്‍ക്കു തലവേദനയാണ്.