- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ദിനം വിക്കറ്റുമഴ; രണ്ടാം ദിനം 'ട്രിപ്പിള്‍' സെഞ്ചുറി; കെ എല്‍ രാഹുലിന് പിന്നാലെ മൂന്നക്കം പിന്നിട്ട് ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും; ഒഴിഞ്ഞ ഗാലറിയെ സാക്ഷിയാക്കി മിന്നും പ്രകടനം; വിന്‍ഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുമ്പോഴും നാണക്കേടില്‍ ബിസിസിഐ
വിന്‍ഡീസിനെ പഞ്ഞിക്കിട്ട് ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക് കുതിക്കുമ്പോഴും നാണക്കേടില്‍ ബിസിസിഐ
അഹമ്മദാബാദ്: അഹമ്മദബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ കൂട്ടത്തകര്‍ച്ച കണ്ട ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്നില്‍ 'ട്രിപ്പിള്‍' സെഞ്ചുറിയുമായി രണ്ടാം ദിനം അവിസ്മരണീയമാക്കി കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ധ്രുവ് ജുറലും. കെ എല്‍ രാഹുല്‍ (100), ധ്രുവ് ജുറല്‍ (125) എന്നിവര്‍ക്ക് പിന്നാലെയാണ് ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മൂവരുടേയും സെഞ്ചുറി കരുത്തില്‍ ഇന്ത്യ അഹമ്മദാബാദ് ടെസ്റ്റില്‍ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോള്‍ 286 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.
190 പന്തുകളില്‍നിന്നാണ് ധ്രുവ് ജുറേല്‍ രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചറിയിലെത്തിയത്. മൂന്നു സിക്‌സുകളും 15 ഫോറുകളും അടിച്ച താരം 210 പന്തുകളില്‍ 125 റണ്‍സെടുത്തു പുറത്തായി. രവീന്ദ്ര ജഡേജ 168 പന്തുകളില്‍നിന്നും 100 തികച്ചു. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 128 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 176 പന്തില്‍ 104 റണ്‍സുമായി രവീന്ദ്ര ജഡേജയും വാഷിങ്ടന്‍ സുന്ദറും (11 പന്തില്‍ ഒന്‍പത്) പുറത്താകാതെ നില്‍ക്കുന്നു.
ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (100 പന്തില്‍ 50), കെ.എല്‍. രാഹുലുമാണ് (197 പന്തില്‍ 100) ഇന്നു പുറത്തായത്. സ്‌കോര്‍ 188ല്‍ നില്‍ക്കെ വിന്‍ഡീസ് ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ് ഗില്ലിനെ പുറത്താക്കുകയായിരുന്നു. 190 പന്തുകളില്‍ രാഹുല്‍ ടെസ്റ്റ് ക്രിക്കറ്റിലെ 11ാം സെഞ്ചറിയിലെത്തി. ജോമല്‍ വാറികന്‍ എറിഞ്ഞ 68ാം ഓവറിലെ അഞ്ചാം പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ക്യാച്ചെടുത്താണു രാഹുലിനെ പുറത്താക്കിയത്. എന്നാല്‍ ധ്രുവ് ജുറേലും രവീന്ദ്ര ജഡേജയും ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടക്കുകയായിരുന്നു.
ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 38 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. യശസ്വി ജയ്‌സ്വാള്‍ (54 പന്തില്‍ 36), സായ് സുദര്‍ശന്‍ (19 പന്തില്‍ ഏഴ്) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. 68 റണ്‍സെടുത്തു നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ ഷായ് ഹോപ് ക്യാച്ചെടുത്ത് യശസ്വി ജയ്‌സ്വാളിനെ പുറത്താക്കി. എട്ടു റണ്‍സ് മാത്രമെടുത്ത സായ് സുദര്‍ശന്‍ റോസ്റ്റന്‍ ചെയ്‌സിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയി. കെ.എല്‍. രാഹുലിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ചേര്‍ന്നതോടെ 29.4 ഓവറില്‍ ഇന്ത്യ 100 കടന്നു. 101 പന്തുകളിലാണ് രാഹുല്‍ അര്‍ധ സെഞ്ചറിയിലെത്തിയത്.
രണ്ടാം ദിനം ബാറ്റിങിന് അനുകൂലം
ഇന്ന് ശുഭ്മാന്‍ ഗില്‍ (50), രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിനായിരുന്നു ക്യാച്ച്. ശേഷം, രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ 11-ാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. ഇന്ത്യയില്‍ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയും. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നലെ രാഹുല്‍ പുറത്തായി. ജോമല്‍ വറിക്കാന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ജസ്റ്റിന്‍ ഗ്രീവ്സിന് ക്യാച്ച്.
പിന്നാലെ ജുറല്‍ - ജഡേജ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ജുറല്‍ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാവുകയും ചെയ്തു. മൂന്ന് സിക്സും 15 ഫോറും ഉള്‍പ്പെടുന്ന ജുറലിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചത് സ്പിന്നര്‍ ഖാരി പിയേറെയാണ്. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് ജുറല്‍ മടങ്ങുന്നത്. അധികം വൈകാതെ ജഡേജയും സെഞ്ചുറി പൂര്‍ത്തിയാക്കി. ക്രീസില്‍ തുടരുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഇതുവരെ അഞ്ച് സിക്സും ആറ് ഫോറും നേടിയിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയാണ് ജഡേജ പൂര്‍ത്തിയാക്കിയത്.
ആദ്യ ദിനം വിക്കറ്റ് മഴ
ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. വിന്‍ഡീസ് 44.1 ഓവറില്‍ 162 റണ്‍സെടുത്ത് ഓള്‍ഔട്ടായി. 48 പന്തില്‍ 32 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സാണ് വെസ്റ്റിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഷായ് ഹോപ് (36 പന്തില്‍ 26), റോസ്റ്റന്‍ ചെയ്‌സ് (43 പന്തില്‍ 24) എന്നിവരാണു വിന്‍ഡീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പേസര്‍മാരായ മുഹമ്മദ് സിറാജിന്റെയും ജസ്പ്രീത് ബുമ്രയുടേയും തകര്‍പ്പന്‍ പ്രകടനമാണ് വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്.
20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.
ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ അക്‌സര്‍ പട്ടേല്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, എന്‍ ജഗദീശന്‍ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായ ജസ്പ്രിത് ബുമ്രയും മുഹമ്മദ് സിറാജും.
ആളില്ലാ ഗാലറി, നാണക്കേടില്‍ ബിസിസിഐ
വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആളില്ലാ ഗാലറിക്കു കീഴെ നടക്കുന്നത്. ഗാലറിയില്‍ വിരലിലെണ്ണാവുന്ന കാണികള്‍ മാത്രമാണ് ഒന്നാം ടെസ്റ്റ് കാണാന്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ താരങ്ങള്‍ സെഞ്ചുറി പൂര്‍ത്തിയാക്കുമ്പോഴും കയ്യടിച്ച് ആവേശം പകരാന്‍ കാണികളില്ലാതിരുന്നത് ബിസിസിഐയെ ഞെട്ടിച്ചിട്ടുണ്ട്.
വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ കേരളത്തിന്റെ രഞ്ജി മത്സരം കാണാനുണ്ടാകാറുള്ള കാണികളുടെ നാലിലൊന്നുപോലും അഹ്‌മദാബാദിലെ ടെസ്റ്റ് മത്സരത്തിനില്ല. കാണികളില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതുപോലുള്ള അനുഭവമാണ് ടെലിവിഷനില്‍ കളി കാണുമ്പോഴുള്ളത്. ഒരു പ്രാക്ടീസ് മത്സരം കാണുന്ന ഫീലാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റിനുള്ളതെന്ന് ഒഴിഞ്ഞ ഗാലറിയിരുന്ന് കളി കാണുന്ന ആരാധകരില്‍ ഒരാള്‍ സമൂഹ മാധ്യമമായ 'എക്‌സി'ല്‍ കുറിച്ചു.
'ആഭ്യന്തര മത്സരങ്ങളിലെ ലീഗ് മത്സരങ്ങള്‍ക്ക് പോലും അഹ്‌മദാബാദിലെ മൊടേര സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റിനേക്കാള്‍ മികച്ച ജനക്കൂട്ടമുണ്ട്. അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്ന ഏറ്റവും മോശം സ്റ്റേഡിയമാണിത്. ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ മാത്രമേ ഇത് പറ്റൂ. ഒരു ടെസ്റ്റ് മത്സരത്തിന് ഇത്രയും തണുത്തുറഞ്ഞ അന്തരീക്ഷം നല്‍കാന്‍ ഈ സ്റ്റേഡിയത്തിന് മാത്രമേ കഴിയൂ' -ബിശ്വജിത് എന്ന ആരാധകന്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്നു.
ബി.സി.സി.ഐ മത്സരവേദികള്‍ തെരഞ്ഞെടുക്കുന്നതിലുള്ള മാനദണ്ഡങ്ങള്‍ ഇതോടെ കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെട്ടു തുടങ്ങുകയാണ്. ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍, ലക്ഷം പേര്‍ക്കിരിക്കാവുന്ന ഗാലറിയില്‍ അഞ്ഞൂറു പേരു പോലുമില്ലാത്തത് ബോര്‍ഡിന് നാണക്കേടായിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒരുപക്ഷേ, ഏറ്റവും കുറച്ച് കാണികളെത്തിയ രാജ്യാന്തര മത്സരം കൂടിയായിരിക്കാം ഇന്ത്യ-വിന്‍ഡീസ് മത്സരം. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റിന് സ്വീകാര്യത കുറഞ്ഞുവരുന്നതും കാണികളുടെ വിമുഖതയ്ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതോടെ ടെസ്റ്റ് മത്സരങ്ങള്‍ ചില വേദികളില്‍ മാത്രമായി നിജപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് വേദികളില്‍ മുന്‍നിരയിലുള്ള കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ടെസ്റ്റ് മത്സരങ്ങള്‍ നടന്നിട്ടില്ലെന്ന് റാസി എന്ന ക്രിക്കറ്റ് ആരാധകന്‍ ചൂണ്ടിക്കാട്ടുന്നു.