- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറിയുമായി കാംപെല്ലിന്റെയും ഷായ് ഹോപ്പിന്റെയും ചെറുത്തുനില്‍പ്പ്; വിജയലക്ഷ്യം നൂറ് കടത്തിയ ഗ്രീവ്സ് - സീല്‍സ് പത്താം വിക്കറ്റ് കൂട്ടുകെട്ടും; 121 റണ്‍സ് വിജയലക്ഷ്യം കുറിച്ച് വിന്‍ഡീസ്; അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ ജയം 58 റണ്‍സ് അകലെ
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയത്തിന് അരികെ ഇന്ത്യ. ഫോളോ ഓണ്‍ ചെയ്‌തെങ്കിലും അസാമാന്യ ചെറുത്തുനില്‍പ്പുമായി ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയ വിന്‍ഡീസ് മത്സരം അഞ്ചാം ദിനത്തിലേക്ക് നീട്ടിയതും ശ്രദ്ധേയമായി. 121 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടക്കില്‍ 63 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി സായ് സുദര്‍ശനും 25 റണ്‍സുമായി കെ എല്‍ രാഹുലും ക്രീസില്‍. എട്ട് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്‌സില്‍ നഷ്ടമായത്. രണ്ടാം ഓവറില്‍ വാറിക്കനാണ് ജയ്‌സ്വാളിനെ വീഴ്ത്തിയത്.
വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്സ് 390 റണ്‍സില്‍ അവസാനിച്ചു. പത്താംവിക്കറ്റില്‍ ജസ്റ്റിന്‍ ഗ്രീവ്സും (50*) ജയ്ദന്‍ സീല്‍സും (32) ചേര്‍ന്ന് നടത്തിയ വീരോചിത ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് വിജയലക്ഷ്യം നൂറ് കടത്താനുള്ള കരുത്ത് നല്‍കിയത്. ഇരുവരും 22 ഓവര്‍ ക്രീസില്‍ പിടിച്ചുനിന്ന് 79 റണ്‍സ് നേടി. 119-ാം ഓവറില്‍ ബുംറയെത്തി സീല്‍സിനെ പുറത്താക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. നേരത്തേ ജോണ്‍ കാംബെല്‍, ഷായ് ഹോപ്പ് എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം ബാറ്റിങ് ആരംഭിച്ചത്. മൂന്നാം ദിനത്തിന് സമാനമായി ഇരുവരും പിടികൊടുക്കാതെ ബാറ്റിങ് തുടരുകയായിരുന്നു. പിന്നാലെ കാംബെല്‍ സെഞ്ചുറി തികച്ചു. പരമ്പരയിലെ ഏറ്റവും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയ ഇരുവരും സ്‌കോര്‍ 200-കടത്തുകയും ചെയ്തു. എന്നാല്‍ 212 ല്‍ നില്‍ക്കേ കാംബെലിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി ജഡേജ വിന്‍ഡീസിന് തിരിച്ചടി നല്‍കി. 199 പന്തില്‍ 115 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഇന്ത്യന്‍ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ട ജോണ്‍ കാംബെലും ഷായ് ഹോപ്പും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 177 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
കാംബെല്‍ പുറത്തായെങ്കിലും റോസ്റ്റണ്‍ ചേസിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് സ്‌കോറുയര്‍ത്തി. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 270 കടത്തി. മാത്രമല്ല, വിന്‍ഡീസിന് ലീഡ് സമ്മാനിച്ച് ഇന്നിങ്സ് തോല്‍വി ഒഴിവാക്കുകയും ചെയ്തു. സെഞ്ചുറി തികച്ച ഹോപ്പ് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും താരത്തെ പുറത്താക്കി സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ സമ്മാനിച്ചു. 103 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
പിന്നീട് നിരനിരയായി വിന്‍ഡീസ് ബാറ്റര്‍മാര്‍ കൂടാരം കയറുന്നതാണ് കണ്ടത്. 40 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസിന് പുറമേ ടെവിന്‍ ഇംലാച്ച് (12), ഖാരി പിയറി (0), ജൊമല്‍ വറിക്കാന്‍ (3), അന്‍ഡേഴ്‌സണ്‍ ഫിലിപ് (2) എന്നിവരും മടങ്ങി. അതോടെ ടീം 311-9 എന്ന നിലയിലേക്ക് വീണു. എന്നാല്‍ കീഴടങ്ങാന്‍ തയ്യാറാകാതെ പത്താം വിക്കറ്റിലും വിന്‍ഡീസ് പൊരുതി.
മൂന്നാം ദിനം ടജ്നരെയ്ന്‍ ചന്ദര്‍പോളും (10), അലിക് അത്തനെസയും (ഏഴ്) പെട്ടെന്ന് പുറത്തായതോടെ വിന്‍ഡീസ് രണ്ടാമിന്നിങ്സില്‍ രണ്ടിന് 35 എന്ന നിലയില്‍ മറ്റൊരു തകര്‍ച്ച മുന്നില്‍ കണ്ടതാണ്. എന്നാല്‍, കാംബെലും ഹോപ്പും ഉറച്ചുനിന്നു. വാഷിങ്ടണ്‍ സുന്ദറിന്റെ ബൗളിങ്ങില്‍ മൂന്നുതവണ എല്‍ബി അപ്പീലിനെ അതിജീവിച്ച കാംബെല്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഇരുവരും മനോഹരമായി നേരിട്ടു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് വിന്‍ഡീസ് സ്‌കോര്‍ 150-കടത്തി. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മൂന്നാംദിനം കൂട്ടുകെട്ട് തകര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല.