അഹമ്മദാബാദ്: അഹമ്മദബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്നിംഗ്സിനും 140 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. രണ്ട് ഇന്നിങ്‌സിലും ദയനീയമായി തകര്‍ന്നടിഞ്ഞ സന്ദര്‍ശകര്‍ അഹമ്മദാബാദില്‍ വന്‍ പരാജയം ഏറ്റുവാങ്ങി. ആദ്യ ഇന്നിങ്‌സില്‍ 162 റണ്‍സിന് പുറത്തായ വിന്‍ഡീസ് രണ്ടാമിന്നിങ്‌സില്‍ 146 റണ്‍സിന് പുറത്തായി. 286 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്സില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ 448-5 എന്ന നിലയില്‍ ആദ്യ ഇന്നിങ്സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.

ഒന്നാം ഇന്നിംഗ്സില്‍ 286 റണ്‍സിന്റെ ലീഡ് വഴങ്ങിയ വിന്‍ഡീസ് രണ്ടാം ഇന്നിംഗ്സില്‍ കേവലം 146 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് വിന്‍ഡീസിനെ തകര്‍ത്തത്. മുഹമ്മദ് സിറാജ് മൂന്നും കുല്‍ദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ, വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 162നെതിരെ ഇന്ത്യ അഞ്ചിന് 448 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (125), രവീന്ദ്ര ജഡേജ (പുറത്താവാതെ 104), കെ എല്‍ രാഹുല്‍ (100) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്. സ്‌കോര്‍: വെസ്റ്റ് ഇന്‍ഡീസ് 162 &146, ഇന്ത്യ 448/5 ഡി. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.

രണ്ടാമിന്നിങ്സില്‍ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ ബാറ്റിങ്. മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. തേജ്നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റാണ് സന്ദര്‍ശകര്‍ക്ക് ആദ്യം നഷ്ടമായത്.മുഹമ്മദ് സിറാജിന്റെ പന്തില്‍ നിതീഷ് റെഡ്ഡിയുടെ തകര്‍പ്പന്‍ ക്യാച്ചിലാണ് താരം പുറത്താവുന്നത്. പിന്നാലെ ജോണ്‍ ക്യാമ്പെല്‍ 14 റണ്‍സെടുത്ത് മടങ്ങി. പിന്നീട് സ്പിന്നര്‍മാര്‍ കളം വാഴുന്നതാണ് അഹമ്മദാബാദില്‍ കണ്ടത്. ബ്രാന്‍ഡന്‍ കിങ്(5), റോസ്റ്റണ്‍ ചേസ്(1), ഷായ് ഹോപ്(1) എന്നിവര്‍ നിരാശപ്പെടുത്തി. അതോടെ ടീം 46-5 എന്ന നിലയിലേക്ക് വീണു.

പിന്നീട് അലിക് അതാനസെയും ജസ്റ്റിന്‍ ഗ്രീവ്സും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിന് അല്‍പ്പം ആശ്വാസമായത്. എന്നാല്‍ ഇരുവരും പുറത്തായതോടെ ഇന്ത്യ ജയത്തിലേക്ക് കുതിച്ചു. അതാനസെ 38 റണ്‍സും ജസ്റ്റിന്‍ ഗ്രീവ്സ് 25 റണ്‍സുമെടുത്താണ് പുറത്തായത്. അതോടെ വിന്‍ഡീസ് 98-7 എന്ന നിലയിലായി. പിന്നാലെ ജോമല്‍ വറിക്കാന്‍ ഡക്കായി മടങ്ങി. ജൊഹാന്‍ ലയ്നെ(14), ജെയ്ഡന്‍ സീല്‍സ്(22) എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലുവിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റെടുത്തു.

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്

തലേ ദിവസത്തെ സ്‌കോറില്‍ തന്നെ മൂന്നാം ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യ ഇന്ന് ബാറ്റിംഗിന് എത്തിയിരുന്നില്ല. പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസ് ലഞ്ചിന് പിരിയുമ്പോള്‍ അഞ്ചിന് 66 എന്ന നിലയിലായിരുന്നു. മുഹമ്മദ് സിറാജാണ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇന്ന് സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ ടാഗ്നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായി. സിറാജിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച ചന്ദര്‍പോള്‍ സ്‌ക്വയര്‍ ലെഗില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ക്യാച്ച് നല്‍കി. നിതീഷ് ഇടത്തോട്ട് ഡൈവ് ചെയ്താണ് പന്ത് കയ്യിലൊതുക്കിയത്. സിറാജ് നല്‍കിയ തുടക്കം ജഡേജ ഏറ്റെടുത്തു. ജോണ്‍ കാംബെല്‍ (14), ബ്രന്‍ഡന്‍ കിംഗ് (5), ഷായ് ഹോപ്പ് (1) എന്നിവരെയാണ് ജഡേജ മടക്കിയത്. റോസ്റ്റണ്‍ ചേസ് (1) കുല്‍ദീപ് യാദവിന്റെ പന്തില്‍ പുറത്താവുകയും ചെയ്തതോടെ അഞ്ചിന് 46 എന്ന നിലയിലായി വിന്‍ഡീസ്. അലിക് അതനാസെ (38), ജസ്റ്റിന്‍ ഗ്രീവ്സ് (25), ജയ്ഡന്‍ സീല്‍സ് (12 പന്തില്‍ 22) എന്നിവര്‍ക്ക് തോല്‍വിയുടെ ഭാരം കുറയ്ക്കാന്‍ മാത്രമാണ് സാധിച്ചത്. ജോമല്‍ വറിക്കാന്‍ (0), ജൊഹാന്‍ ലയനെ (14) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖാരി പിയേറെ (13) പുറത്താവാതെ നിന്നു.

ഇന്ത്യന്‍ 'ട്രിപ്പിള്‍' സെഞ്ചുറി

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സിനായിരുന്നു ക്യാച്ച്. ശേഷം, രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ 11-ാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. ഇന്ത്യയില്‍ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയും. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നലെ രാഹുല്‍ പുറത്തായി. ജോമല്‍ വറിക്കാന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച്.

പിന്നാലെ ജുറല്‍ - ജഡേജ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ജുറല്‍ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാവുകയും ചെയ്തു. മൂന്ന് സിക്‌സും 15 ഫോറും ഉള്‍പ്പെടുന്ന ജുറലിന്റെ ഇന്നിംഗ്‌സ് അവസാനിപ്പിച്ചത് സ്പിന്നര്‍ ഖാരി പിയേറെയാണ്. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് ജുറല്‍ മടങ്ങുന്നത്. അധികം വൈകാതെ ജഡേജയും സെഞ്ചുറി പൂര്‍ത്തിയാക്കി. ക്രീസില്‍ തുടരുന്ന ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഇതുവരെ അഞ്ച് സിക്‌സും ആറ് ഫോറും നേടിയിട്ടുണ്ട്. ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയാണ് ജഡേജ നേടിയത്.

ഒന്നാം ഇന്നിംഗ്‌സിലും തകര്‍ച്ച

ടോസ് നേടി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി. റണ്‍സെടുക്കും മുമ്പ് ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്. ശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ 72 റണ്‍സിനിടെ വിന്‍ഡീസിന് നഷ്ടമായി. ഗ്രീവ്‌സിന് പുറമെ റോസ്റ്റണ്‍ ചേസ് (24), ഖാരി പിയേരെ (11), ജോമല്‍ വറിക്കന്‍ (8), ജുവാന്‍ ലയ്‌നെ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.