- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിനു പിന്നാലെ ബൗളിങ്ങിലും താരമായി ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും; മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ; വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ മുത്തമിടുന്നത് ചരിത്രത്തിലാദ്യമായി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയത് 52 റണ്‍സിന്; 1983ല്‍ കപിലിന്റെ ചെകുത്താന്മാര് നേടിയത് 2025 ല്‍ നേടി ഹര്‍മ്മന്‍ പ്രീതിന്റെ മാലാഖമാര്‍
മൂന്നാമൂഴത്തില്‍ വനിതാ ക്രിക്കറ്റിലെ വിശ്വവിജയികളായി ഇന്ത്യ
നവിമുംബൈ: ചരിത്രത്തിലാദ്യമായി വനിതാ ഏകദിന ലോകകപ്പില്‍ മുത്തമിട്ട് ഇന്ത്യ. വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ വിശ്വവിജയികളായത്. 299 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 246 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ബാറ്റിങ്ങിന് പിന്നാലെ ബൗളിങ്ങിലും തിളങ്ങിയ ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയുമാണ് കലാശപ്പോരില്‍ ഇന്ത്യക്കായി ജയമൊരുക്കിയത്.
ഷഫാലി വര്‍മ്മ 87 റണ്‍സും വിക്കറ്റും വീഴ്ത്തിയപ്പോള്‍ ദീപ്തി ശര്‍മ്മ 58 റണ്‍സും 5 വിക്കറ്റും സ്വന്തമാക്കിരണ്ട് തവണ തലനാരിഴയ്ക്ക് കൈവിട്ട ലോകകപ്പ് മൂന്നാംമൂഴത്തിലാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലോറവോള്‍വര്‍ത്ത് സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.
വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. 25 റണ്‍സെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി വര്‍മ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.16 റണ്‍സെടുത്ത സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും കൂടാരം കയറ്റി.
അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെന്ന നിലയില്‍ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റന്‍ വോള്‍വാര്‍ത്താണ് കരകയറ്റുന്നത്.വിക്കറ്റുകള്‍ വീഴുമ്പോഴും ക്യാപ്റ്റന്‍ പതറാതെ ടീമിന് കരുത്തായി. അനെറി ഡെര്‍ക്സണിനെ കൂട്ടുപിടിച്ച് വോള്‍വാര്‍ത്ത് ടീമിനെ 200 കടത്തി. 35 റണ്‍സെടുത്ത ഡെര്‍ക്സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോള്‍വാര്‍ത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാല്‍ ദീപ്തി ശര്‍മ കളിയുടെ ഗതി മാറ്റി. വോള്‍വാര്‍ത്തിന്റേതടക്കം രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തില്‍ 101 റണ്‍സെടുത്താണ് വോള്‍വാര്‍ത്ത് പുറത്തായത്. രണ്ട് വിക്കറ്റുകള്‍ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റണ്‍സിന് പുറത്താക്കി. ഇന്ത്യന്‍ വനിതകള്‍ ലോക കിരീടത്തില്‍ മുത്തമിട്ടു.
നേരത്തേ നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 298 റണ്‍സാണെടുത്തത്. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ശ്രദ്ധയോടെയാണ് കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ആക്രമണോത്സുക ബാറ്റിങ്ങിന് ഇരുവരും തയ്യാറായില്ല. മറിച്ച് പതിയെ സ്‌കോറുയര്‍ത്തി. ആദ്യ ആറോവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പത്തോവറെത്തുമ്പോഴേക്കും സ്‌കോര്‍ 64 ലെത്തി. പിന്നീട് ഷഫാലി സ്‌കോറിങ്ങിന് വേഗം കൂട്ടി. 17 ഓവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ.
എന്നാല്‍ 18-ാം ഓവറില്‍ സ്‌കോര്‍ നൂറുകടന്നതിന് പിന്നാലെ സ്മൃതി മന്ദാന പുറത്തായി. 58 പന്തില്‍ നിന്ന് 45 റണ്‍സെടുത്താണ് മന്ദാന കൂടാരം കയറിയത്. ആ ഓവറില്‍ തന്നെ അര്‍ധസെഞ്ചുറി തികച്ച ഷഫാലി വര്‍മ ടീമിനെ മുന്നോട്ടുനയിച്ചു. പിന്നാലെ ഇറങ്ങിയ ജെമീമയുമായി ചേര്‍ന്ന് ഷഫാലി ടീമിനെ 150 കടത്തി. സ്‌കോര്‍ 166 ല്‍ നില്‍ക്കേ ഷഫാലി പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 78 പന്തില്‍ നിന്ന് 87 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. പിന്നാലെ 24 റണ്‍സെടുത്ത ജെമീമയും പുറത്തായി. അതോടെ ഇന്ത്യ 171-3 എന്ന നിലയിലായി.
നാലാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും ചേര്‍ന്ന് ടീമിനെ ഇരുന്നൂറ് കടത്തി. ഈ കൂട്ടുകെട്ട് ടീമിന് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍മന്‍പ്രീതിനെ ക്രീസില്‍ തുടരാന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. 20 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ മ്ലാബ മടക്കി. പിന്നീടിറങ്ങിയ അമന്‍ജോത് കൗറും(12) വീണതോടെ ഇന്ത്യ പ്രതിസന്ധിയിലായി. വിക്കറ്റുകള്‍ വീഴുമ്പോഴും ഒരു വശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയ ദീപ്തി ശര്‍മ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. ഒപ്പം റിച്ചാ ഘോഷും അടിച്ചുകളിച്ചതോടെ സ്‌കോര്‍ കുതിച്ചു. ദീപ്തി ശര്‍മ അര്‍ധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. റിച്ചാ ഘോഷ് 34 റണ്‍സെടുത്ത് പുറത്തായി. ദീപ്തി 58 റണ്‍സെടുത്ത് റണ്ണൗട്ടായി. ഒടുക്കം നിശ്ചിത അമ്പത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 298 റണ്‍സെടുത്തു.




