ധാംബുള്ള: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ നേപ്പാളിനെ 82 റണ്‍സിന് കീഴടക്കി ഇന്ത്യന്‍ വനിതകള്‍. ധാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 82 റണ്‍സിനാണ് ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 178 റണ്‍സ്. നേപ്പാളിന്റെ മറുപടി 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സില്‍ അവസാനിച്ചു. ഇതോടെ നേപ്പാളിന്റെ സെമി സാധ്യതകള്‍ അവസാനിച്ചു.

ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ 7 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ യുഎഇയെ 78 റണ്‍സിനും തോല്‍പിച്ച ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇന്നത്തെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ വനിതകള്‍ യുഎഇയെ 10 വിക്കറ്റിനു തോല്‍പ്പിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നേപ്പാള്‍ വനിതകള്‍ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്തിയില്ല. 22 പന്തില്‍ മൂന്നു ഫോറുകളോടെ 18 റണ്‍സെടുത്ത ഓപ്പണര്‍ സീത റാണയാണ് അവരുടെ ടോപ് സ്‌കോറര്‍. സീതയ്ക്കു പുറമേ നേപ്പാള്‍ നിരയില്‍ രണ്ടക്കം കണ്ടത് 18 പന്തില്‍ 14 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഇന്ദു ബര്‍മ, 16 പന്തില്‍ 15 റണ്‍സെടുത്ത റുബീന ഛേത്രി, 19 പന്തില്‍ 17 റണ്‍സുമായി പുറത്താകാതെ നിന്ന ബിന്ദു റാവല്‍ എന്നിവര്‍ മാത്രം.

ഇന്ത്യയ്ക്കായി ദീപ്തി ശര്‍മ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി. രാധാ യാദവ് മൂന്ന് ഓവറില്‍ 12 റണ്‍സ് വഴങ്ങിയും അരുദ്ധതി റെഡ്ഡി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. രേണുക സിങ് നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ അര്‍ധസെഞ്ചറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഷഫാലി 48 പന്തില്‍ 81 റണ്‍സെടുത്ത് പുറത്തായി. സഹ ഓപ്പണര്‍ ഡി.ഹേമലത 47 റണ്‍സെടുത്ത് പുറത്തായി.

ഓപ്പണിങ് വിക്കറ്റില്‍ ഷഫാലി ഹേമലത സഖ്യം പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 14 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും അടിച്ചുകൂട്ടിയത് 122 റണ്‍സ്. ഷഫാലി 48 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് 81 റണ്‍സെടുത്തത്. ഹേമലത 42 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 15 പന്തില്‍ അഞ്ച് ഫോറുകളോടെ 28 റണ്‍സെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യന്‍ സ്‌കോര്‍ 175 കടത്തിയത്.

മലയാളി താരം സജ്‌നയ്ക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 12 പന്തില്‍ ഒരു ഫോര്‍ സഹിതം 10 റണ്‍സെടുത്ത് സജ്‌ന പുറത്തായി. റിച്ച ഘോഷ് മൂന്നു പന്തില്‍ ആറു റണ്‍സുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി സീതാ റാണ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.