ബ്രിസ്ബെയ്ൻ: അണ്ടർ-19 ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തകർത്ത് ഇന്ത്യ. ജയത്തോടെ പരമ്പരയിൽ 1-0ന് മുന്നിലെത്തി. ബ്രിസ്ബെയ്നിൽ നടന്ന മത്സരത്തിൽ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. മറുപടിയായി, 30.3 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് തുടക്കവും വേദാന്ത് ത്രിവേദിയുടെയും അഭിഗ്യാൻ കുണ്ടുവിൻ്റെയും അപരാജിത അർധ സെഞ്ച്വറി പ്രകടനങ്ങളുമാണ് ഇന്ത്യൻ തകർപ്പൻ വിജയം സമ്മാനിച്ചത്. വൈഭവ് സൂര്യവംശി 22 പന്തിൽ നിന്ന് 38 റൺസെടുത്തു. വേദാന്ത് ത്രിവേദി 69 പന്തിൽ നിന്ന് 61, അഭിഗ്യാൻ കുണ്ടു 74 പന്തിൽ നിന്ന് 87 റൺസുമായി പുറത്താകാതെ നിന്നു. നാലാം വിക്കറ്റിൽ വേദാന്തും അഭിഗ്യാനും ചേർന്ന് നേടിയ 152 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്.

ആയുഷ് മാത്രെ (10 പന്തിൽ ആറ്), വിഹാൻ മൽഹോത്ര (10 പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നേരത്തെ, ഓസ്ട്രേലിയക്കായി ജോൺ ജെയിംസ് 68 റൺസെടുത്ത് പുറത്താകാതെ നിന്നു. ടോം ഹോഗനും സ്റ്റീവൻ ഹോഗനും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യൻ ബൗളിംഗിൽ ഹെനിൽ പട്ടേൽ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ, കിഷൻ കുമാർ, കനിഷ്ക് ചൗഹാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.