ചെന്നൈ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ സിംബാബ്വെക്കെതിരായ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് നെഞ്ചിടിപ്പാണ്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ വഴങ്ങേണ്ടിവന്ന ദയനീയ പരാജയത്തില്‍ നിന്ന് തിരിച്ചുവരവ് നടത്താന്‍ ടീം തയ്യാറെടുപ്പുകള്‍ നടത്തിക്കഴിഞ്ഞു. എന്നാല്‍, എതിരാളികളായ സിംബാവെ ചെറിയ മീനല്ല എന്ന കൃത്യമാ ബോധ്യം ഇന്ത്യക്കുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിംബാബ്വെക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം അനിവാര്യമാണ്. വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 പോരില്‍ തകര്‍ന്നടിഞ്ഞെങ്കിലും കൊളംബോയില്‍ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിംബാബ്വെ നിസാരരായി കാണാനാവില്ല. സിക്കന്ദര്‍ റാസ നയിക്കുന്ന സംഘം പോരാട്ടവീര്യം പുറത്തെടുക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തില്‍ തോറ്റാല്‍ സെമി കാണാതെ പുറത്താകേണ്ടി വരും. അതുകൊണ്ട് തന്നെ ചെന്നൈയില്‍ ഒരു വന്‍ വിജയം ലക്ഷ്യമിട്ടാകും നീലപ്പട ഇറങ്ങുക.

കണക്കുകള്‍ നോക്കിയാല്‍ ഇത് വരെ ഇന്ത്യയും സിംബാബ്വെയും 13 തവണയാണ് ടി20 ഫോര്‍മാറ്റില്‍ പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ 10 തവണ വിജയിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞെങ്കിലും മൂന്ന് തവണ സിംബാബ്വെ വിജയിച്ചത് അട്ടിമറി സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ്. മൂന്ന് വിജയങ്ങളും അവര്‍ നേടിയത് ഹരാരെയിലാണ്.

2015ല്‍ അക്ഷര്‍ പട്ടേലും സഞ്ജു സാംസണുമൊക്കെ അടങ്ങിയ ഇന്ത്യന്‍ ടീമിനെ 10 റണ്‍സിനാണ് ആദ്യം സിംബാബ്വെ പരാജയപ്പെടുത്തിയത്. 2016ല്‍ എം എസ് ധോനി നായകനാനായ ടീമിനെ 2 റണ്‍സിനും 2024 ല്‍ വാഷിങ്ടണ്‍ സുന്ദറും അഭിഷേക് ശര്‍മയും റിങ്കു സിങും അടങ്ങിയ ടീമിനെ 13 റണ്‍സിനും സിംബാബ്വെ തോല്‍പ്പിച്ചിട്ടുണ്ട്.